24 November, 2026 09:34:42 PM
ഷാഫി പറമ്പിലിനെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല- മറിയാമ്മ ഉമ്മൻ

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ഷാഫി പറമ്പിലിനെ തള്ളി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു. തിരിച്ച് സ്‌നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ല. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ശരിയാണെന്നും അദേഹം തീവ്രമായി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചെന്നും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ കോണ്‍ഗ്രസില്‍ മാത്രമല്ല, എല്ലാ പാര്‍ട്ടിയിലും ഉണ്ട്. വേട്ടയാടലിന്റെ കാലത്ത് മാറിനിന്നവര്‍ ഏറെയുണ്ടെന്നും മറിയാമ്മ ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഉമ്മന്‍ചാണ്ടി സ്‌നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പില്‍. നല്ല പ്രസംഗ പാടവമുണ്ട്. തിരിച്ച് ഷാഫി പറമ്പില്‍ സ്‌നേഹിച്ചോ എന്ന് അറിയില്ല. ഷാഫി പറമ്പില്‍ എ ഗ്രൂപ്പിന്റെ ഭാഗമാണെന്ന വാദം എനിക്ക് തോന്നുന്നില്ല'- യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി അഖിലിന്റെ പേര് നിര്‍ദേശിച്ചിരുന്നു എന്ന ഉണ്ണിത്താന്റെ വാദം മറിയാമ്മ ഉമ്മന്‍ സ്ഥിരീകരിച്ചു. അഖിലിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ അഖിലിന്റെ പേര് വെട്ടിയത് ഷാഫി പറമ്പില്‍ ആണോ എന്ന ചോദ്യത്തിന് അതിന് താന്‍ ആണോ ഉത്തരം പറയേണ്ടത് എന്നതായിരുന്നു മറിയാമ്മ ഉമ്മന്റെ മറുപടി.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് നേരെ വന്ന സൈബർ ആക്രമണം മറ്റൊരാൾക്ക് നേരെയും വന്നിട്ടില്ല. എ ഗ്രൂപ്പിനെ നയിക്കാൻ സീനിയർ നേതാക്കളുണ്ടായിരുന്നുവെന്ന് മറിയാമ്മ പറഞ്ഞു.കോൺഗ്രസ് വലിയൊരു പ്രസ്ഥാനമാണ്. എല്ലാവരെയും ചേർത്തുകൊണ്ടുപോകണമെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ഡയറിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ.എസ് അഖിലിൻ്റെ പേരുണ്ടായിരുന്നുവെന്ന് മറിയാമ്മ വെളിപ്പെടുത്തി. പത്മിനി തോമസും പത്മജാ വേണുഗോപാലും കോൺഗ്രസിലേക്ക് തിരികെ വരട്ടെ എന്ന് മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു.





