23 November, 2026 09:38:03 AM
ധനരാജ് വധക്കേസില്‍ വിധി ഇന്ന്; 20 ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പ്രതികള്‍

കണ്ണൂര്‍: കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സി വി ധനരാജ് വധക്കേസില്‍ വിധി ഇന്ന്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ 20 പേരാണ് കേസിലെ പ്രതികള്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. 2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി,ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറകു വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്, ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകം എന്നതാണ് കേസ്. ആറ് പേരായിരുന്നു കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നത്. ആദ്യ മൂന്ന് പ്രതികളായ ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നിവര്‍ ചേര്‍ന്നാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇതില്‍ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപും പത്താം പ്രതി കെ മനൂപും സഹോദരന്മാരാണ്. പതിനെട്ടാം പ്രതി രമേശന്‍ ഒമ്പാതാം പ്രതി പി രാജേിന്റെ സോഹദരനാണ്. കേസിലെ പതിനാറാം പ്രതിയായ തിരുവനന്തപുരം സ്വദേശി കണ്ണന്‍ എന്ന ആജീഷ് ആര്‍എസ്എസ് ജില്ലാ പ്രമുഖായിരുന്നു.
2016 ജൂലൈ 12നാണ് സി വി ധനരാജ് കൊലപാതക കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് പേരാണ് പൊലീസ് പിടിയിലാകുന്നത്. തുടരന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. കേസില്‍ ആകെ 20 പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇതിനിടെ 2017 മേയ് 12ന് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബര്‍ 22നാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപ്പട്ടികയില്‍ മൂന്ന് പേര്‍ കോടതിയില്‍ എത്തിയിരുന്നില്ല. ധനരാജിനെ കൊലപ്പെടുത്താന്‍ രണ്ടിടത്ത് ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. 127 രേഖകള്‍, വസ്ത്രങ്ങള്‍, ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. 2026 ഒക്ടോബര്‍ 14ന് വിചാരണ നടപടികള്‍ പൂര്‍ത്തിയായി. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് വിധി പ്രസ്താവം ഉണ്ടാകുന്നത്.
1.ടി.പി. ബിജു
2.വിപിൻ എം.
3.വൈശാഖ് എം.
4.സുകേഷ് സി.
5.പ്രജിത്ത് ലാൽ കെവി.
6.അനൂപ് കെ.
7.പണ്ടാരവളപ്പിൽ രാജേഷ്
8.ബിജു കെ.എം
9.രാജേഷ് കുമാർ പി
10.മനൂപ് കെ.
11.ഷൈജു സി
12.ചൂരക്കാട് ബിജു (മരിച്ചു)
13.ധനേഷ്
14.പി പി രാജീവൻ
15.മധു
16.എസ് ആർ അജീഷ്
17.തമ്പാൻ മണിയേരി
18.രമേശൻ
19.എ പി നിജേഷ്
20.ലിജിൻ





