26 November, 2016 09:42:16 PM


ബലാത്സംഗം ചെയ്യുന്നവന്‍റെ ലിംഗം ഛേദിക്കണം - നടി മീരാ ജാസ്മിന്‍




കൊച്ചി: ഇരയനുഭവിച്ച വേദന പ്രതിയും അറിഞ്ഞു തന്നെ വേണം ശിക്ഷ വിധിക്കാനെന്ന് ചലച്ചിത്രതാരം മീര ജാസ്മിന്‍. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കാന്‍ തയാറാകില്ല. സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്കു നല്‍കണമെന്നും നടി മീരാ ജാസ്മിന്‍ പറഞ്ഞു. പത്തു കല്‍പനകള്‍ എന്ന തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച്‌ സംസാരിക്കവെയാണു മീര ദേഷ്യത്തോടെയും വികാരഭരിതയുമായി പ്രതികരിച്ചത്. കൊച്ചി പ്രസ്ക്ലബില്‍ വച്ചായിരുന്നു മീരയുടെ പ്രതികരണം.



ഒരിടവേളയ്ക്കുശേഷം മീര ജാസ്മിന്‍ പ്രമുഖ റോളിലെത്തുന്ന ചിത്രമാണ് പത്തു കല്‍പനകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദിക്കുന്ന പൊലീസ് ഓഫിസറാണ് ചിത്രത്തില്‍ മീര. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കു രാജ്യത്തുനിലനില്‍ക്കുന്ന നിയമവും അതു നല്‍കുന്ന ശിക്ഷയും മതിയായതല്ലെന്ന സന്ദേശമാണു ചിത്രം നല്‍കുന്നത്. ഇതേ അഭിപ്രായമാണ് ചിത്രത്തിലെ നായിക മീര ജാസ്മിന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പ്രകടിപ്പിച്ചത്.


നിരവധി പേരുടെ ജീവിതമാണ് കോടതികളില്‍ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സമൂഹ മനസാക്ഷി നല്‍കുന്ന ശിക്ഷയെക്കുറിച്ചാണ് ഈ സിനിമ പറയുന്നതെന്ന് നടന്‍ അനൂപ് മേനോന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നിയമസംവിധാനം പൊളിച്ചെഴുതേണ്ട സമയമായിയെന്നും അനൂപ് മേനോന്‍ അഭിപ്രായപ്പെട്ടു. കാലിക പ്രസക്തിയുള്ള സംഭവം ചര്‍ച്ച ചെയ്യുന്ന പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രശസ്ത ചിത്രസംയോജകനായ  ഡോണ്‍ മാക്സാണ്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.



സൗമ്യ, ജിഷാ സംഭവങ്ങള്‍ക്ക് മുന്‍പെ താന്‍ എഴുതിയ കഥയാണ് ചിത്രത്തിന്‍റേതെന്ന് ഡോണ്‍ മാക്സ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ എന്നിവരും സന്നിഹിതരായിരുന്നു. തന്‍റെ മകളെ കൊന്നവന്‍റെ മരണശിക്ഷ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് രാജേശ്വരി പറഞ്ഞു. നിയമത്തിന് അവനെ കൊല്ലാന്‍ കഴിയില്ലെങ്കില്‍ തനിക്ക് വിട്ടുതരണമെന്നും പൊതുജനത്തെ ഉപയോഗിച്ച്‌ അവന് ശിക്ഷ കൊടുക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  നടി ഋതികയും അണിയറപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K