20 December, 2016 10:57:17 PM


ക്രിസ്മസിന് പുതിയ സിനിമകളില്ല! തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി നടത്തിയ ചര്‍ച്ച പൊളിഞ്ഞു




പാലക്കാട്: ക്രിസ്മസിന് മലയാള സിനിമകളുടെ റിലീസ് ഉണ്ടാവില്ല. തീയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മ്മാതാക്കളുമായി മന്ത്രി എ കെ ബാലന്‍ നടത്തിയ ചര്‍ച്ചയിലും കാര്യങ്ങല്‍ തീരുമാനമായില്ല. തീയേറ്റര്‍ വിഹിതത്തിന്‍റെ കാര്യത്തില്‍ പിന്മാറില്ലെന്ന നിലപാടില്‍ തീയേറ്റര്‍ ഉടമകള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്.


പാലക്കാട് വടക്കഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തിയത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്രൂഷന്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 50-50 തീയേറ്റര്‍ വിഹിതമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ പറഞ്ഞതോടെയാണ് പരിഹാര സാധ്യതകള്‍ അടഞ്ഞത്.


മള്‍ട്ടിപ്ലെക്‌സുകളില്‍ നല്‍കുന്ന 50-50 വിഹിതം മറ്റു തീയേറ്ററുകള്‍ക്കും നല്‍കണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം. 13 വര്‍ഷമായി തുടരുന്ന രീതിയില്‍ ഒരു ചെറിയ മാറ്റം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നുമായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ പറഞ്ഞത്. ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന അഞ്ചോളം മലയാള ചിത്രങ്ങളുടെ റിലീസും മുടങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.


സിനിമാ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ നിയമിക്കുമെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി എ കെ ബാലന്‍ പറഞ്ഞത്. ചര്‍ച്ച അലസിയതോടെ ക്രിസ്മസിന് മലയാളം സിനിമകള്‍ റിലീസ് ചെയ്യില്ല. മോഹന്‍ ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യയുടെ ഫുക്രി, പൃഥിരാജിന്റെ എസ്ര എന്നീ മലയാള ചിത്രങ്ങളാണ് ക്രിസ്മസിന് റിലീസ് ചെയ്യാനുണ്ടായിരുന്നത്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K