28 December, 2016 04:17:58 PM


മലയാള സിനിമയ്ക്ക് താന്‍ നല്‍കിയ സ്ഥിര നിക്ഷേപമാണ് ജഗതിയെന്ന് ശ്രീകുമാരന്‍ തമ്പി



തിരുവനന്തപുരം: താന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ഫിക്സഡ് ഡിപ്പോസിറ്റാണ് ജഗതി ശ്രീകുമാറെന്ന് പ്രശസ്ത കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍തമ്പി. ഏത് കഥാപാത്രത്തേയും രൂപംകൊണ്ടും ഭാവംകൊണ്ടും  ചലനങ്ങള്‍കൊണ്ടും വൈവിധ്യത്തോടെ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്ന മറ്റൊരു നടന്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ മലയാള സിനിമയിലെ ചാര്‍ളി ചാപ്ലിന്‍ എന്നറിയപ്പെട്ടിരുന്ന എസ്.പി.പിള്ളയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ യോഗ്യന്‍ ജഗതി ശ്രീകുമാറല്ലാതെ മലയാള സിനിമയില്‍ മറ്റാരുമില്ല - ശ്രീകുമാരന്‍തമ്പി പറഞ്ഞു.   
 


ഏറ്റുമാനൂര്‍ മീഡിയാ സെന്‍റര്‍ ഏര്‍പ്പെടുത്തിയ എസ്.പി.പിള്ള പുരസ്കാരം ജഗതി ശ്രീകുമാറിന് നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേയാടുള്ള ജഗതി ശ്രീകുമാറിന്‍റെ വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്. മീഡിയാ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, ഗാനരചയിതാക്കളായ ഹരിയേറ്റുമാനൂര്, വിനു ശ്രീലകം, ജഗതി ശ്രീകുമാറിന്‍റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശില്‍പവും പ്രശസ്തി പത്രവുമായിരുന്നു അവാര്‍ഡ്. ഇതോടൊപ്പം ഏര്‍പെടുത്തിയ വി.ഡി.രാജപ്പന്‍ പുരസ്കാരം എസ്.പി.പിള്ളയുടെ കൊച്ചു മകളും നടിയുമായ മഞ്ജു പിള്ളയ്ക്ക് നേരത്തെ ഏറ്റുമാനൂരില്‍ നടന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി നല്‍കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K