05 January, 2017 11:19:02 PM


റിമി ടോമിയുടെ വീട്ടില്‍ കള്ളപ്പണം; ഒറ്റിയത് സിനിമാരംഗത്തുള്ള സുഹൃത്തുക്കളെന്ന്



കൊച്ചി: റിമി ടോമിയുടെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ക്ക് പിന്നില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയെന്ന് വെളിപ്പെടുത്തല്‍. സിനിമാ രംഗത്തുനിന്നുള്ളവരുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിമിയുടെ വീടുകളില്‍ പരിശോധന നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാഫിറ്റി മാഗസിനോടാണ് വ്യക്തമാക്കി.


റിമി ടോമി വിദേശത്തുനിന്നും വന്‍തോതില്‍ കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കുന്നതായാണ് ഇവര്‍ രഹസ്യവിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം റിമിയുടെ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് മെയ് അഞ്ചിന് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.


വീണ്ടും ഇത്തരത്തിലുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെയ് ഏഴിന് റെയിഡ് വീണ്ടും നടത്തിയത്. പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. സ്റ്റേജ് പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലമാണിതെന്ന് റിമി ടോമി വിശദീകരിച്ചുവെങ്കിലും ആദായനികുതി റിട്ടേണുകളില്‍ വരുമാനത്തെ സംബന്ധിച്ച്‌ പൊരുത്തപ്പെടാത്ത കണക്കാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇടപ്പള്ളിയിലെ റിമിയുടെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലുമാണ് പരിശോധന നടന്നത്.



റെയ്ഡിനെത്തുമ്പോള്‍ തിരുവനന്തപുരത്തായിരുന്ന റിമി ടോമിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. റിമി ടോമിയെ കൂടാതെ അന്നേദിവസം തന്നെ വ്യവസായി മഠത്തില്‍ രഘു, അഡ്വ വിനോദ് കുട്ടപ്പന്‍, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.6K