18 February, 2017 12:08:40 PM


നടി ഭാവനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കൊരട്ടി സ്വദേശിയായ ഡ്രൈവർ അറസ്റ്റില്‍


കൊച്ചി: ചലച്ചിത്ര നടി ഭാവനയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഭാവന സഞ്ചരിച്ച കാറിന്‍റെ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനാണ് അറസ്റ്റിലായത്. പുലർച്ചെ ഒന്നരക്ക് തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ വരവെ നെടുമ്പാശേരി അത്താണിയിലാണ് സംഭവം. സിനിമ ഷൂട്ടിങ്ങിന് ശേഷം ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്നു ഭാവന. മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് അറിയിച്ചു.

ഒരു ടെംബോ ട്രാവലറിലെത്തിയ അഞ്ചംഗ സംഘം ഭാവനയുടെ വാഹനത്തിൽ ഇടിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് അക്രമിസംഘം ബലം പ്രയോഗിച്ച് കാറിൽ കയറി പല വഴികളിലൂടെ പോയി പാലാരിവട്ടത്തിന് സമീപം ഭാവനയെയും വാഹനവും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു കാറിൽ അക്രമി സംഘം കടന്നു കളഞ്ഞു.

സംഭവത്തിന് ശേഷം കാക്കനാട്ടെ സംവിധായകന്‍റെ വീട്ടിലെത്തിയ ഭാവന വിവരം അദ്ദേഹത്തെ അറിയിക്കുക‍യായിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഐ.ജി പി. വിജയനോട് സംഭവങ്ങൾ ടെലിഫോണിലൂടെയും അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഭാവനയോട് വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.

സംഭവത്തിലെ മുഖ്യപ്രതി ഭാവനയുടെ മുൻ ഡ്രൈവറായ പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാർ ആണെന്ന് പൊലീസിന്‍റെ നിഗമനം. മുൻപ് ഉണ്ടായ ചെറിയ പ്രശ്നത്തെ തുടർന്ന് സുനിലിനെ ഡ്രൈവർ ജോലിയിൽ നിന്ന് ഭാവന പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നില്ലെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും പൊലീസ് പറയുന്നു.

സിനിമയുടെ പ്രൊഡക്ഷൻ വിഭാഗം ഏർപ്പെടുത്തിയ കാറിലാണ് ഭാവന കൊച്ചിയിലേക്ക് വന്നത്. ഈ കാർ ഒാടിച്ചിരുന്ന ഡ്രൈവർ മാർട്ടിന് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമിസംഘം ജില്ല വിട്ടു പോയിട്ടില്ലെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

മുൻ ഡ്രൈവർ ഉൾപ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവർ തന്‍റെ ചിത്രങ്ങൾ പകർത്തിയതായും ഭാവന കളമശേരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്രമണത്തിന് ശേഷം കളമശേരി മെഡിക്കൽ കോളജ് എത്തിയ ഭാവന വൈദ്യപരിശോധനക്ക് വിധേയമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.7K