04 May, 2017 01:45:10 PM


മനോജ്‌ കൃഷ്ണൻ: 'സാമജ സഞ്ചാരിണീ...' യുടെ ലോകമറിയാതെ പോയ സംഗീതസംവിധായകന്‍



നോജ്‌ കൃഷ്ണൻ ഓർമ്മയായിട്ട്  മെയ് നാലിന് ഒരു വർഷമാകുന്നു. എന്‍റെ നിരവധി (65 ലേറെ) ഗാനങ്ങൾക്ക് ഈണമിട്ടത് മനോജായിരുന്നു. ഒന്നിച്ചിരുന്ന് തയ്യാറാക്കിയ പാട്ടുകൾ. ഞാൻ കുറച്ചെഴുതും, മനോജ് ഈണമിടും... മനോജ് ഈണമിടും, ഞാൻ എഴുതും! തികച്ചും രസകരമായ ഒരു 'കളി'യായിരുന്നു അതെല്ലാം. പെട്ടെന്ന് ഈണമിടുന്ന ആൾ  എം എസ് വിശ്വനാഥനായിരുന്നു എന്ന്  എല്ലാരും പറയാറുണ്ട്. എന്‍റെ അനുഭവത്തിൽ മനോജു൦   അങ്ങനെ ആയിരുന്നു. തമാശയതല്ല, വെറുതേ ഒരു രാഗത്തിന്‍റെ പേര് പറഞ്ഞാൽ മനോജ് പെട്ടെന്ന്  ആ രാഗത്തിൽ  ഈണമിടുകയും ചെയ്യും... അങ്ങനെ മോഹനം , ഹംസധ്വനി  തുടങ്ങി എത്രയെത്ര രാഗങ്ങൾ...


ഞങ്ങളവസാനം ചെയ്ത മൂന്നു പാട്ടുകളും ഒരുമിച്ചിരുന്നായിരുന്നില്ല. മനോജ് അപ്പോഴേയ്ക്കും രോഗാബാധിതനായിരുന്നു. വീരഭഗത്‌സിംഗ് എന്ന നാടകത്തിനുവേണ്ടി ഈണം ഫോണിൽ തരികയായിരുന്നു. അത് കേട്ട് ഞാനെഴുതി. നാടക ഉദ്ഘാടനത്തിനും മനോജിന് എത്താൻ കഴിഞ്ഞില്ല. പക്ഷേ, ആ  പാട്ടുകൾ പാലക്കാട്ടെ പ്രേക്ഷകരെ വല്ലാതെ ഉലച്ചുകളഞ്ഞു. ഇൻക്വിലാബ് സിന്ദാബാദ് എന്ന ഗാനം വിശേഷിച്ചും. രസികനും സൗന്ദര്യോപാസകനും ജോലിയിൽ വിട്ടുവീഴ്ചയില്ലാത്തവനും അപ്രിയവാക്കുകൾ പറയുന്നവനും പെട്ടെന്ന് വികാരാവേശമുണ്ടാകുന്നവനും നിർമ്മലനും പെട്ടെന്ന് പരിഭവിക്കുന്നവനും  എന്നെ സംബന്ധിച്ചിടത്തോളം സത്യസന്ധനും സ്നേഹവാനുമായിരുന്നു മനോജ്.


പുറംലോകം അത്ര അറിയാത്ത ഒരു കാര്യം, ജീവിച്ചിരുന്നപ്പോൾ എന്നെ വിലക്കിയതുകൊണ്ട് ഞാൻ പറയാതിരുന്ന കാര്യം ഇപ്പോൾ പറയേണ്ടിയിരിക്കുന്നു. 

ഹരിഹരൻ സംവിധാനം ചെയ്ത 'പരിണയം'  സിനിമക്ക് മനോജ് ട്രാക്ക് പാടാൻ പോയി. രവി ബോംബെ ആണ് സംഗീത സംവിധായകൻ. ഒരു പാട്ട് ഈണം ഇട്ടത് പോരെന്നു തോന്നി, രവി ഒത്തിരി ശ്രമിച്ചിട്ടും കഴിയുന്നില്ല. അപ്പോഴാണ്  സംഗീത സംവിധായകൻ കൂടിയായ മനോജിനോട് ഒന്ന് ട്രൈ ചെയ്യാൻ പറയുന്നത്. മനോജ് അപ്പോൾത്തന്നെ യൂസഫലിയുടെ വരികൾക്ക് ഈണമിട്ടു. പാട്ടു പിറന്നു - സാമജ സഞ്ചാരിണീ... സരസീരുഹ മധുവാദിനീ... സംവിധായകൻ ഹരിഹരൻ സാക്ഷി ! 

പക്ഷെ, ടൈറ്റിലിൽ മനോജിന്‍റെ പേര് വന്നില്ല. ആ പാട്ടിന് അവാർഡ് കിട്ടിയപ്പോൾ രവി ബോംബെ പോയി വാങ്ങി. മനോജ് മൗനം നടിച്ചു. സിനിമയിൽ അങ്ങനെ അവകാശവാദം ഉന്നയിച്ചാൽ ഭാവി ഇരുളടയുമെന്നായിരുന്നു മനോജിന്‍റെ വിശ്വാസം. ആ  മൗനംകൊണ്ട് വലിയ പ്രയോജനമൊന്നുമുണ്ടായില്ല.


ഇക്കാര്യം അറിഞ്ഞ ഞാൻ അത് പരസ്യമാക്കാൻ തുനിഞ്ഞപ്പോൾ മനോജ് എന്നെ സ്നേഹപൂർവ്വം വിലക്കി. ഇങ്ങനെ പല ഗാനങ്ങളും മനോജു൦  മറ്റുള്ളവരും ചെയ്തിട്ടുണ്ടത്രെ. പക്ഷെ ഭയമാണ് പലരുടെയും പ്രശ്നം. ആകെക്കൂടി മനോജിനെ സന്തോഷിപ്പിച്ച ഒരു കാര്യമുണ്ട്. ഹരിഹരൻ എപ്പോൾ മനോജിനെ കണ്ടാലും 'സാമജ സഞ്ചാരിണി' ഈണമിട്ടയാൾ എന്ന് പറയും. മനോജിന് ആ  സന്തോഷം മതിയത്രെ!


ഞങ്ങൾ ഒരു ഭക്തനുവേണ്ടി ചെയ്ത ആൽബം അദ്ദേഹത്തിന്‍റെ മാർക്കറ്റിംഗില്‍ നഷ്ടത്തിൽ കലാശിച്ചു. മനോജ് എന്നെ വിളിച്ചു പറഞ്ഞു, ഹരിയേട്ടാ നമുക്ക്  അതെ ട്രാക്കിൽ ഒരു 'ഗുരൂവായൂരപ്പൻ' ചെയ്തുകൊടുത്താലോ? ഞാൻ സമ്മതിച്ചു. അങ്ങനെ ഞങ്ങളുടെ പ്രതിഫലം കൂടാതെ (എഴുത്ത് , ഈണം, ആലാപനം) ആ ആൽബം ഇറങ്ങി. സ്റ്റുഡിയോ സംബന്ധമായ പണം മാത്രമേ നിർമ്മാതാവിന് മുടക്കേണ്ടി വന്നുള്ളൂ. ഇതും മനോജിലെ മനുഷ്യനെ അടയാളപ്പെടുത്തുന്ന സംഭവമാണ്.


അതുപോലെ കീ ബോർഡിലൂടെ എല്ലാ ഉപകരണങ്ങളും വായിക്കാമെങ്കിലും മനോജ് അതതു ഉപകരണങ്ങൾ ലൈവ് ആയി മാത്രമേ വായിപ്പിക്കുകയേയുള്ളൂ. അക്കാര്യത്തിൽ കർക്കശ നിലപാടാണ്. ഒരിയ്ക്കൽ ഒരു സിനിമയ്ക്ക് സംഗീതം ചെയ്യാൻ അവസരം കിട്ടി. എന്നെ ഗാനരചയിതാവായി നിർദ്ദേശിച്ചു. ഞാനും പോയിരുന്നു പൂജയ്ക്ക്. എന്നാൽ അത് നടന്നില്ല. അവർ പറഞ്ഞത് മനോജ് പാട്ടെഴുതിച്ച്‌ ഈണമിട്ടു പാടിച്ചു കൊടുക്കണമെന്ന്. അതായതു ആ ചെലവ് മുഴുവൻ മനോജ് വഹിക്കണമെന്ന്.  ഓഡിയോ കമ്പനിക്ക്  അത് വിറ്റു കാശ് മനോജിന് വാങ്ങാമത്രെ. മനോജ് ആ  പ്രോജക്ട് ഉപേക്ഷിച്ചു. നല്ലതോ തീയ്യതോ, ഒരു നിലപാടുള്ളവനായിരുന്നു മനോജ്.


എന്നെപ്പോലെ നിരവധി ആളുകളുടെ മനസ്സിലൂടെ, പാടി വെച്ച, ഈണമിട്ട പാട്ടുകളിലൂടെ മനോജ് അമരനായിരിക്കുന്നു... മരണമേ, ആ സുഹൃത്തിന്‍റെ പ്രതിഭാവിലാസപൂർണ്ണിമ  ലോകമറിയും മുമ്പേ നീ കൊണ്ടുപോയി; പ്രായേണ പ്രതിഭ കുറവായ എന്നെ ഇവിടെ വിട്ടിട്ട് ! ശുദ്ധ സംഗീതത്തിന്‍റെ ആ ഉപാസകനെ കൊണ്ടുപോയ നിനക്ക് മാപ്പില്ല !


- ഹരിയേറ്റുമാനൂര്   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K