14 May, 2019 07:18:00 PM


കനറാ ബാങ്കിന്‍റെ ജപ്തിഭീഷണി: അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു; ബാങ്ക് മാനേജര്‍ ഒളിവില്‍

റിയല്‍ എസ്റ്റേറ്റ് മാഫിയായുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അവിഹിതബന്ധമെന്ന് ആരോപണം
തിരുവനന്തപുരം: കനറാബാങ്കിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര മാരായമുട്ടത്ത് ചന്ദ്രന്‍റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്.  ശരീരമാസകലം തീ പൊള്ളിയ വൈഷ്ണവി തല്‍ക്ഷണവും 90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ അമ്മ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.

പ്രദേശത്തെ കനറാ ബാങ്കിന്‍റെ എടിഎം കൗണ്ടറുകള്‍ എല്ലാം പൂട്ടി. ബാങ്ക് മാനേജര്‍ ഒളിവില്‍ പോയി. മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. നെയ്യാറ്റിൻകര കനറാ ബാങ്ക് ശാഖയിൽ നിന്ന്  അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വർഷം മുൻപ് ചന്ദ്രന്‍ ഭവന വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി. പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇവരെ പ്രേരിപ്പിച്ചത്.  


ചന്ദ്രന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് കോടതിയിൽ കേസ് കൊടുത്തിരുന്നു. വായ്പ തിരിച്ചടവിന് കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നുവെങ്കിലും അനുവദിച്ച  സമയം ചൊവ്വാഴ്ച അവസാനിക്കാനിക്കുകയായിരുന്നു.

എന്നാൽ ഒരു തരത്തിലും ജപ്തി നടപടികൾക്ക് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. ഇതിനിടെ കുടുംബം ബാങ്കിന് എഴുതി നൽകിയ കത്തും  പുറത്തു വന്നു.  6,80000 രൂപ ഉടൻ അടച്ചു തീർക്കാമെന്നാണ് കുടുംബം ബാങ്കിന് എഴുതി നൽകിയിട്ടുള്ളത്. അല്ലാത്ത പക്ഷം ജപ്തി നടപടിയുമായി മുന്നോട്ട് പോകാമെന്നും എഴുതി നൽകിയിട്ടുണ്ട്.  കത്തിൽ ഒപ്പിട്ടിരിക്കുന്നത് അച്ഛൻ ചന്ദ്രനും അമ്മ ലേഖയും മകൾ വൈഷ്ണവിയുമാണ്. കൊള്ളപലിശയ്ക്ക് പിന്നാലെ, കാനറാ ബാങ്ക് അടക്കമുള്ള സ്വകാര്യ ബാങ്കുകൾ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

പ്രളയത്തെ തുടര്‍ന്ന് ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നാണ് കനറാ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ നടപടികള്‍. ബാങ്കിന്‍റെ നടപടിയെ മന്ത്രി തോമസ് ഐസക് നിശിതമായി വിമര്‍ശിച്ചിരുന്നു. സാവകാശം ചോദിച്ചിട്ടും അതിന് മുതിരാതെ ജപ്തിനടപടികള്‍ക്ക് തുടക്കം കുറിച്ച ബാങ്ക് മാനേജര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയായുമായി അവിഹിതബന്ധമാണ് ഇത്തരം ധൃതി പിടിച്ചുള്ള നടപടികള്‍ക്ക് ബാങ്ക് മാനേജര്‍മാരെ പ്രേരിപ്പിക്കുന്നതെന്ന് പരക്കെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. എ.ഡി.എമ്മിനോട് സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. റവന്യു മന്ത്രി ബാങ്ക് അധികൃതരെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. സംഭവത്തില്‍ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചുറ്റുമുള്ള സ്ഥലം ജപ്തി ചെയ്യാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
Share this News Now:
  • Google+
Like(s): 417