01 September, 2019 11:09:15 AM


ബിസിനസ് ആവശ്യത്തിന് ദുബായില്‍ നിന്നും യെമനിലേക്ക് പോയ മലയാളി വ്യവസായിയെ കാണാതായി



തിരുവനന്തപുരം: ബിസിനസ് ആവശ്യത്തിന് ദുബായില്‍ നിന്നും യെമനിലേക്ക് പോയ മലയാളി വ്യവസായിയെ കാണാതായി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ കൃഷ്ണപിള്ള (59)യെയാണ് യുദ്ധകലുഷിതമായ യെമനില്‍ കാണാതായത്. ജൂലൈ രണ്ടിന് ഏദനില്‍ ലാന്‍ഡ് ചെയ്ത അദ്ദേഹത്തെ ഏതാനും ദിവസത്തിന് ശേഷം കാണാതാവുകയായിരുന്നു. ഏദനില്‍ വിമാനമിറങ്ങി രണ്ടു ദിവസത്തിന് ശേഷമാണ് അവസാനമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടത്.


സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂത്തി വിമതരും രൂക്ഷയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന യെമനില്‍ സുരേഷ്‌കുമാറിന് എന്തു സംഭവിച്ചു എന്ന കടുത്ത ആശങ്കയിലും വിഷമത്തിലുമാണ് കുടുംബവും സുഹൃത്തുക്കളും. അച്ഛനെ കാണാതായ വിവരമറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് മകന്‍ ജിതിന്‍ ദുബായിലെത്തി. ജൂലൈ നാലിന് രാത്രി പത്തരയോടെ പിള്ള സന്‍ആയില്‍നിന്ന് തന്നെ വിളിച്ചിരുന്നതായി ബിസിനസ് പങ്കാളിയും സുഹൃത്തുമായ ശിവദാസന്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സുഡാന്‍ വഴി യെമനില്‍ പിള്ള വിമാനമിറങ്ങിയതായി വിമാനടിക്കറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. ജൂലൈ ഒന്നിന് ദുബായില്‍നിന്ന് ഖാര്‍ത്തൂമിലേക്കാണ് അദ്ദേഹം പോയത്. ക്വീന്‍ ബില്‍ഖിസ് എയര്‍വേസിലാണ് അദ്ദേഹം ഏദനിലെത്തിയത്.


കര്‍ണാടകയിലെ ബെല്‍ഗാമില്‍ എതനോള്‍ ഫാക്ടറി ആരംഭിക്കുന്നതിനുള്ള ഫണ്ട് തേടിയാണത്രേ അദ്ദേഹം യെമനിലേക്ക് പോയത്. 140 ഏക്കറിലായി കോടികളുടെ പദ്ധതിയാണത്. പ്ലാന്‍റ് ഏതാണ്ട് പൂര്‍ത്തീകരണത്തോട് അടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനാല്‍ ബാങ്കുകള്‍ പ്ലാന്‍റിനെ നോണ്‍ പെര്‍ഫോമിംഗ് അസറ്റ് ആക്കി പ്രഖ്യാപിച്ചു. അങ്ങനെയാണ് ഫണ്ടിംഗിനായി ചില കമ്പനികളുമായി ബന്ധപ്പെട്ടതും യെമനില്‍ ബിസിനസ് മീറ്റിംഗ് വെച്ചതും. യെമനിലെ ചില സ്വകാര്യ കമ്പനികളും വ്യക്തികളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. തന്‍റെ സ്വത്തു സംബന്ധിച്ച രേഖകള്‍ യെമനിലെ കക്ഷികള്‍ക്ക് അയച്ചുകൊടുത്ത ശേഷം അവര്‍ പിള്ളയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും 67 ദശലക്ഷം ദിര്‍ഹം അതില്‍ നിക്ഷേപിക്കുകയും ചെയ്തു.

ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് അദ്ദേഹത്തെ യെമനിലേക്ക് വിളിച്ചതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധമേഖലയില്‍ കുടുങ്ങിയതാണോ, സാമ്പത്തിക തട്ടിപ്പിനോ മറ്റോ ഇരയായതാണോ എന്ന് വ്യക്തമല്ല. തന്‍റെ പിതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മകന്‍ ജിതിന്‍ സന്ദേശമയച്ച് കാത്തിരിക്കുകയാണ്. വിദേശകാര്യ വകുപ്പിനേയും അദ്ദേഹം ട്വിറ്ററിലൂടെ കാര്യങ്ങള്‍ ധരിപ്പിച്ചു. ജിതിനെക്കൂടാതെ ഒരു മകള്‍ കൂടിയുണ്ട് പിള്ളക്ക്. ഭര്‍ത്താവിനൊപ്പം ദുബായിലാണ് അവര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K