16 October, 2019 10:23:25 AM


നെയ്യാര്‍ ഡാമിന് സമീപം തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി



തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. ജോലിക്കിടെ കണ്ട പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെ പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. നെയ്യാര്‍ ഡാമിന് സമീപം മരക്കുന്നത്ത്  ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. നിസാര പരിക്കുകളോടെ ഭുവനചന്ദ്രന്‍ രക്ഷപ്പെട്ടു. 


നെയ്യാര്‍ ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഭുവന ചന്ദ്രന്‍നായരുള്‍പ്പെടുന്ന 55 അംഗ തൊഴിലാളി സംഘം. സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാര്‍ 10 അടിയിലേറെ നീളമുള്ള പാമ്പിനെ പിടിച്ച് വനപാലകരെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. പാമ്പിന്‍റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാല്‍ കഴുത്തില്‍ ചുറ്റി. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാമ്പിനെ വനപാലകരെ ഏല്‍പ്പിച്ചു.



Share this News Now:
  • Google+
Like(s): 302