10 November, 2019 10:03:36 AM


കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍



തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി രതീഷിനെയാണ് കോളജിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ സംഘത്തില്‍ പെട്ടവര്‍ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച മുതല്‍ കാണാതായതായി കോളജ് അധികൃതര്‍ പറയുന്നു.


നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയായ രതീഷിനും അമ്മക്കും പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതടക്കം സംഭവങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K