19 December, 2019 10:54:12 AM


മണ്ണ് കടത്തല്‍: പൊലീസിന് മാസപ്പടി കാല്‍ലക്ഷം; സിഐയുടെ വീട്ടില്‍ സ്നേഹവിരുന്ന്

- സ്വന്തം ലേഖകന്‍



തിരുവനന്തപുരം: നഗരത്തില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ ഓഫീസര്‍മാരുടെ ഒത്താശയോടെ നടക്കുന്ന മണ്ണ് കടത്തലിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുപ്രസിദ്ധ ഗുണ്ടകളുടെ നേതൃത്വത്തില്‍ നടക്കുന്ന മണ്ണ് കടത്തിന് പിന്നില്‍ തമ്പാനൂര്‍, കരമന സ്റ്റേഷനുകളിലെ ഒരു ഡസനോളം പൊലീസ് ഉദ്യോഗസ്ഥര്‍. അടുത്തിടെ നഗരത്തിലുണ്ടായ കൊലപാതകത്തിന് പിന്നില്‍ മണ്ണെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാല്‍ ലക്ഷം രൂപയാണ് പൊലീസിന് മാസപ്പടി.


വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തമ്പാനൂര്‍, കരമന സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥര്‍ മണ്ണ് മാഫിയയുടെ ഏജന്റുമാരാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഹൗസ് ഓഫീസറായ സി.ഐ, എസ്.ഐ മാര്‍, ഗ്രേഡ് എ.എസ്.ഐ മാര്‍, ഡ്രൈവര്‍മാ‌ര്‍ എന്നിവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളുള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ സഹിതം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നടപടികള്‍ക്കായി മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു. തമ്പാനൂരിലെയും കരമനയിലെയും എസ്.ഐ, എ.എസ്.ഐ, ഡ്രൈവര്‍ തസ്തികയിലുള്ള ഒരു ഡസനോളം പേര്‍ക്ക് മണ്ണ് കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി വിജിലന്‍സ് കണ്ടെത്തി.


നൈറ്റ് ഓഫീസര്‍മാരായി ജോലി ചെയ്യുന്ന സമയങ്ങളില്‍ ഒരു ലോഡ് മണ്ണ് പോലും പിടികൂടാത്തതും വാഹന പരിശോധനയ്ക്കിടെ മണ്ണുമായെത്തുന്ന ടിപ്പറുകള്‍ക്ക് അമിതവേഗം ഉള്‍പ്പെടെ നിസാര വകുപ്പുകള്‍ ചുമത്തി പെറ്റി നല്‍കി വിട്ടയച്ചതും സ്ഥിരീകരിച്ചു. ഇവരില്‍ പലരും മാസം കുറഞ്ഞത് കാല്‍ലക്ഷം രൂപവരെ മണല്‍മാഫിയയില്‍ നിന്ന് മാസപ്പടി കൈപ്പറ്റുന്നതായി കണ്ടെത്തി. മണ്ണ് മാഫിയയിലുള്‍പ്പെട്ടവരും ടിപ്പര്‍ ഡ്രൈവര്‍മാരുമായും പൊലീസുദ്യോഗസ്ഥരില്‍ പലരും നിരന്തരം ഫോണില്‍ വിളിച്ചതായുള്ള വിവരവും വിജിലന്‍സിന് ലഭിച്ചു. വാഹന പരിശോധനയുടെ വിവരങ്ങളും മണ്ണ് കടത്ത് സംബന്ധിച്ച്‌ സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികളുടെ വിവരങ്ങളും മറ്റും ഇവര്‍ ഫോണ്‍ വഴി ചോ‌ര്‍ത്തി നല്‍കിയിട്ടുണ്ട്.


തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ ലോഡ് കണക്കിന് മണ്ണാണ് ദിവസവും കടത്തുന്നത്. മൈനിംഗ് ആന്‍റ് ജിയോളജിയില്‍ നിന്ന് അനുമതി വാങ്ങി വേണം മണ്ണ് എടുക്കാനെന്നാണ് ചട്ടം. സര്‍ക്കാരിന് റോയല്‍റ്റി അടച്ച്‌ മൈനിംഗ് ആന്‍റ് ജിയോളജിയില്‍ നിന്ന് പാസ് വാങ്ങാതെ നഗരസഭാ എന്‍ജിനീയര്‍മാരെ സ്വാധീനിച്ച്‌ നഗരസഭയുടെ നിര്‍മ്മാണ ആവശ്യത്തിനുള്ള മണ്ണെന്ന പേരില്‍ പാസ് സംഘടിപ്പിച്ചാണ് മാഫിയകളുടെ വിളയാട്ടം. കെട്ടിടങ്ങളോ ഫ്ളാറ്റോ നിര്‍മ്മിക്കുവാന്‍ മൈനിംഗ് ആന്‍റ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി പത്തോ ഇരുപതോ ലോഡ് മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കാറുണ്ട്. അതിന്‍റെ മറവില്‍ നൂറ് കണക്കിന് ലോഡ് മണ്ണാണ് കടത്തുന്നത്.


നഗരത്തെ വിവിധ മേഖലകളായി തിരിച്ചാണ് ക്രിമിനല്‍ സംഘങ്ങള്‍ മണ്ണ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രദേശത്തെ കുപ്രസിദ്ധ ക്രിമിനലുകളായതിനാല്‍ ഇവരെ ഭയന്ന് മണ്ണെടുക്കുന്നതിനോ നിലവും ചതുപ്പും നികത്തുന്നതിനോ ആരും പരാതിപ്പെടാറില്ല. കരമനയാറിന്‍റെ തീരപ്രദേശത്താണ് ഏറ്റവുമധികം ചതുപ്പും നിലങ്ങളും നികത്തുന്നത്. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലൂടെ വേണം പല സ്ഥലങ്ങളിലേക്കും മണ്ണ് കടത്താന്‍. ഇതാണ് കരമന പൊലീസ് സ്റ്റേഷനില്‍ മണ്ണ് മാഫിയ പിടിമുറുക്കാന്‍ കാരണം.


തമ്പാനൂരില്‍ ഒരു എ.എസ്.ഐയാണ് മണ്ണ് മാഫിയയില്‍ നിന്നും പടി കൈപ്പറ്റി സ്റ്റേഷനില്‍ വിതരണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റേഷന് സമീപം തന്‍റെ സ്വകാര്യ കാറില്‍ കാത്ത് കിടക്കുന്ന എ.എസ്.ഐയുടെ പക്കലാണ് ഓരോ സൈറ്റിലും മണ്ണെടുക്കും മുമ്പ് പൊലീസ് സ്റ്റേഷനുള്ള വിഹിതം എത്തുന്നത്. പതിനായിരം മുതല്‍ കാല്‍ ലക്ഷം വരെ ലോഡിന്‍റെ എണ്ണത്തിനനുസരിച്ചാണ് പടി. സ്കൂള്‍ സമയത്ത് ടിപ്പര്‍ സര്‍വ്വീസ് പാടില്ലെന്ന നിര്‍ദേശമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. ഇതിനിടെ മാസപ്പടിയുമായെത്തിയ മണ്ണെടുപ്പ് സംഘത്തലവനായ മുന്‍കൊലക്കേസ് പ്രതിയ്ക്കും കൂട്ടാളികള്‍ക്കും നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായ സി.ഐ ക്വാര്‍ട്ടേഴ്സില്‍ സല്‍ക്കാരം നല്‍കിയ വിവരവും പുറത്തായി.


മണല്‍മാഫിയ ബന്ധത്തിന്‍റെ പേരില്‍ നഗരത്തിലെ കരമന, തമ്പാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നതിന് പിന്നാലെയാണ് മണ്ണ് മാഫിയയില്‍ നിന്ന് മാസപ്പടി പറ്റുന്നതില്‍ വിദഗ്ദനായ സി.ഐ ക്വാര്‍ട്ടേഴ്സില്‍ ക്രിമിനല്‍ സംഘത്തിന് സല്‍ക്കാരം ഒരുക്കിയത്. സംഭവത്തിന്‍റെ ഉള്ളറകള്‍ കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. അടുത്തിടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സി.ഐയുടെ വീടിന്‍റെ റൂഫിംഗ് വര്‍ക്കുകള്‍ ഇതേ മണ്ണ് മാഫിയയാണ് സ്പോണ്‍സര്‍ ചെയ്തത്. ഈ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് പുതിയ സൈറ്റില്‍ നിന്ന് മണ്ണെടുക്കും മുമ്പ് പടിയുമായി കാണാനെത്തിയ ക്വട്ടേഷന്‍ സംഘത്തലവന്‍മാര്‍ക്ക് സ്നേഹവിരുന്നൊരുക്കിയതത്രേ. വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് എസ്പി ബൈജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K