26 January, 2020 11:42:34 AM


കാട്ടാക്കട കൊലപാതകം: മണ്ണു മാഫിയയില്‍ പൊലീസ് ഉദ്യോഗസ്ഥരും കണ്ണികള്‍?



തിരുവനന്തപുരം: ജില്ലയിലെ മണ്ണു മാഫിയയില്‍ പൊലീസുകാരും കണ്ണികളെന്ന് സൂചന. കട്ടാക്കടയിലെ കൊലയാളികള്‍ക്കെതിരെ റിപ്പോര്‍ട്ടു നല്‍കിയ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ടതായും സൂചന. നഗര പ്രാന്ത പ്രദേശങ്ങളിലെ പല പൊലീസ് സ്റ്റേഷനുകളിലും കോഴച്ചാകരയാണെന്നും റിപ്പോര്‍ട്ടുകള്‍. കാട്ടാക്കടയില്‍ സഥലം ഉടമ സംഗീതിനെ മണ്ണ് മാന്തി യന്ത്രവും ടിപ്പറും കൊണ്ട് ഇടിച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണ് മണ്ണു മാഫിയയെക്കുറിച്ച്‌ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്.


ഏതാനും നാള്‍ മുമ്പ് കൈമാറിയ റിപ്പോര്‍ട്ടില്‍ പോലീസുകാര്‍ക്ക് മണ്ണ്മാഫിയയുമായുള്ള അഭേദ്യമായ ബന്ധം പരാമര്‍ശിക്കുന്നുണ്ടത്രേ. കാട്ടാക്കട സംഭവത്തിലെ പ്രതികളായ സജി, ഉത്തമന്‍ എന്നിവരടക്കമുള്ളവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ടെന്നാണ് സൂചന. മലയിന്‍കീഴ്, കാട്ടാക്കട, പാറശ്ശാല, നരുവാമൂട്, കല്ലമ്പലം , ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, വര്‍ക്കല, ആറ്റിങ്ങല്‍ തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ പ്രദേശങ്ങളിലാണ് മണ്ണു മാഫിയയും പൊലീസും തമ്മില്‍ ശക്തമായ അവിഹിത ബന്ധമുള്ളതത്രേ. തലസ്ഥാനനഗരിയിലെ പൊലീസ് സ്റ്റേഷനുകളില്‍ മണ്ണു മാഫിയയില്‍ നിന്ന് കൃത്യമായ മാസപ്പടി പറ്റുന്നവര്‍ ഏറെയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.


റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഇതിലെ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് മണ്ണു മാഫിയയ്ക്ക് ലഭിച്ചു. പൊലീസിനുള്ളില്‍ നിന്നു തന്നെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നത്. ഇതോടെ റിപ്പോര്‍ട്ട് തയറാക്കിയ പൊലീസുകാരെ മണ്ണു മാഫിയ ലക്ഷ്യമിട്ടതായാണ് അറിയുന്നത്. അതിന്‍റെ ആസൂത്രണങ്ങള്‍ നടക്കുന്നതിനിടെയാണ് കാട്ടാക്കടയില്‍ ഭൂവുടമയെ  കൊലപ്പെടുത്തിയത്. നഗരത്തിലെ ഫ്‌ളാറ്റുമകള്‍ക്കോ, മറ്റു നിര്‍മ്മാതാക്കള്‍ക്കോ വേണ്ടിയാണ് ടിപ്പറില്‍ മണ്ണു കൊണ്ടു വരുന്നത്. ചതുപ്പടക്കമുള്ളവ നികത്താന്‍ വേണ്ടി കൂടിയാണ് മണ്ണ് എത്തിക്കുന്നത്. ഇതിനിടെ കാട്ടാക്കടയിലെ സംഭവത്തില്‍ കൂടുതലാരെയും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.


മണ്ണുമാന്തിയുടെ ഡ്രൈവര്‍ ചാരുപാറ സ്വദേശി വിജിന്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ടിപ്പര്‍ ഉടമ ഉത്തമനെന്നു വിളിക്കുന്ന മണികണ്ഠന്‍ നായരടക്കമുള്ള മറ്റ് അഞ്ചു പ്രതികള്‍ ഒളിവിലുണ്ട്. ഇവര്‍ ഉടന്‍ വലയിലാവുമെന്നാണ് പൊലീസ് പറയുന്നത്. പ്രാദശികമായി പരിചിതരാണെങ്കിലും ഇവരെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ ഏറെയൊന്നും പോകാന്‍ ഇടയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നിട്ടും ശക്തമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K