14 February, 2020 12:32:11 PM


യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെൻഷന്‍



തിരുവനന്തപുരം: മാരായമുട്ടത്ത് പെരുങ്കടവിള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഇടവനിക്കരെ ജയനെ മർദിച്ച സംഭവത്തില്‍ ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനെ പാര്‍ട്ടിയില്‍ നിന്നും  അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാനെ ചുമതലപ്പെടുത്തിയതായും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു.


മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്. 11 മണിയോടെ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ സുരേഷും സുഹൃത്ത് രാജീവും ചേർന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. സുരേഷിന്‍റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്‍റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയൻ വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്.


പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്‍റെ സുഹൃത്തും സഹോദരൻമാരും പല തവണ ജയനെ സമീപിച്ചിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ തയാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ബോധംകെട്ടുവീണ ജയനെ മാരായമുട്ടം സുരേഷ് ക്രൂരമായി മർദിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K