14 February, 2020 08:20:45 PM


തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർമാരുടെ സേവനം ഇനി യാത്രക്കാർക്ക് വിലയിരുത്താം



തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർമാരുടെ സേവനം ഇനി യാത്രക്കാർക്ക് വിലയിരുത്താം. ഓട്ടോക്കാരും യാത്രക്കാരും തമ്മിലുളള തർക്കങ്ങൾ കേട്ട് മടുത്ത തിരുവനന്തപുരം നഗരസഭ ആവിഷ്കരിച്ച ഹേയ് ഓട്ടോ റേറ്റിങ് പദ്ധതിയിലൂടെ ഓട്ടോ ഡ്രൈവർമാരുടെ സേവനം വിലയിരുത്തി പോയിന്‍റ് അടിസ്ഥാനത്തിൽ റേറ്റിങ് നൽകാം. ജനങ്ങൾക്ക് തർക്കങ്ങളില്ലാതെ സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതിനൊപ്പം ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ക്ഷേമവും പദ്ധതിയുടെ ലക്ഷ്യമിടുന്നു.


ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാനും ഹേയ് ഓട്ടോ ആപ്പ് സജ്ജമായി കഴിഞ്ഞു.  ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ച് തുടങ്ങിയാൽ  ഇരു കൂട്ടർക്കും ഹാപ്പിയായി പിരിയാമെന്നാണ് നഗരസഭയുടെ അവകാശവാദം. ഇതിന് ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമിൽ ഇന്‍ററാക്ടീവ് വെബ് പേജും റെഡിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക്  നഗരസഭ അങ്കണത്തിൽ പദ്ധതിയുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിക്കും. ഓരോ ഡ്രൈവർമാർക്കും നൽകുന്ന യൂണിക് ഐ ഡി കാർഡിൽ നിന്നും ബാർക്കോഡ്, ക്യൂ ആർ കോഡ് എന്നിവ റീഡ് ചെയ്ത് റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.


ഐ ഡി കാർഡ് ലഭ്യമാകുന്നതിനായി നഗരത്തിലോടുന്ന പെർമിറ്റുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർ ഡ്രൈവിംങ് ലൈസൻസ്, ലൈസൻസിന്‍റെ കോപ്പി, ഓട്ടോറിക്ഷാ പെർമിറ്റ് കാർഡിന്റെ കോപ്പി എന്നിവയുമായി ബുധനാഴ്ച 12 മണി
മുതൽ നഗരസഭയിൽ ഹാജരാകണം. ഐഡി കാർഡ് യാത്രക്കാർ കാണുന്ന വിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കണം. യാത്രക്കാരുടെ  പരാതി രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ടാകും.


സിറ്റി ട്രാഫിക്  പോലീസുമായി ചേർന്ന് പരാതികള്‍ പരിഹരിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കും. ഓട്ടോ ഡ്രൈവർമാരുടെ സേവനത്തെക്കുറിച്ച് നഗരസഭയെ അറിയിക്കുവാനുള്ള അവസരം കൂടിയാണിത്. മികച്ച റേറ്റിങ് നേടുന്ന ഓട്ടോ ഡ്രൈവർമാർക്ക് നഗരസഭ അവാർഡ് നൽകും. ഓട്ടോ സൗഹൃദ നഗരമായി തിരുവനന്തപുരത്തെ മാറ്റിയെടുക്കാൻ നഗരസഭയുടെ ലക്ഷ്യം എത്രത്തോളം വിജയം വരിക്കും എന്നാണ് ഇനി അറിയേണ്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K