15 February, 2020 12:53:20 PM


ആശുപത്രിയിലേക്ക് പോയ വീട്ടമ്മയെ ഊബര്‍ ഡ്രൈവര്‍ അസഭ്യം പറഞ്ഞ് റോഡില്‍ ഇറക്കിവിട്ടു



തിരുവനന്തപുരം: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയ വീട്ടമ്മയെ ഊബര്‍ ഡ്രൈവര്‍ വഴിയില്‍ ഇറക്കി വിട്ടു. തൈക്കാട് സ്വദേശിയായ വീട്ടമ്മയ്ക്ക് നേരെ അസഭ്യം പറയുകയും ഡ്രൈവര്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട് സ്വദേശിയായ ഋതിക്ക് ഡ്രൈവര്‍ താജുദ്ദീനെതിരെ പരാതി നല്‍കി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്.


ഛര്‍ദ്ദിയും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകാനായി മകളാണ് ഊബര്‍ ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത് അധികം വൈകാതെ കാര്‍ എത്തി. അമ്മ ഉള്‍പ്പെടെ അഞ്ച് പേരെ കണ്ടതോടെ ഡ്രൈവര്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഒരാള്‍ ഒഴിവാകുകയും നാല് പേരുമായി കാര്‍ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ബസുകള്‍ വഴി മുടക്കി കിടന്നതോടെ ബസുകള്‍ നീങ്ങിയിട്ട് പോകാമെന്ന് പറയുകയായിരുന്നു.


നെഞ്ചുവേദനയാണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞിട്ടും ഡ്രൈവര്‍ തയ്യാറായില്ല. തന്നെ വഴി പഠിപ്പിക്കേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് താജുദ്ദീന്‍ അസഭ്യം ആരംഭിച്ചു. തുടര്‍ന്ന് വീട്ടമ്മയെയും മകളെയും വഴിയില്‍ ഇറക്കിവിട്ടു. ഇതോടെ കുടുംബം മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയുടെ നില തൃപ്തികരമാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K