12 April, 2020 01:47:42 PM


കര്‍ഫ്യു പാസ് ചോദിച്ച എസ് ഐയുടെ കൈ വെട്ടിമാറ്റി; മൂന്ന് പേര്‍ അറസ്റ്റില്‍




ചണ്ഡീഗഡ്: കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടി മാറ്റുകയും രണ്ട് പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പുറത്തിറങ്ങാന്‍ കാരണം വ്യക്തമാക്കാനുള്ള പാസ് ചോദിച്ചതിനാണ് സംഘം പോലീസിനെ ആക്രമിച്ചത്. പഞ്ചാബിലെ പട്യാല ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെ പച്ചക്കറി ചന്തയിലാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ആക്രമണത്തില്‍ ഇരയായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍ജീത്ത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈ വെട്ടിമാറ്റിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഹര്‍ജീത്ത് സിങ്ങിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആക്രമണം ഉണ്ടായതെന്ന് പഞ്ചാബ് പൊലീസ് പറയുന്നു



Share this News Now:
  • Google+
Like(s): 5.5K