21 August, 2026 04:09:10 PM
പത്തനംതിട്ടയിലെ വയോധികയുടെ മരണം കൊലപാതകം: മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: വീടിനുള്ളിൽ വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനടക്കം രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം സ്വദേശിനി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസി മോൾ (37) എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയിൽ ടിജോയും റിൻസിമോളും തമ്മിൽ വീട്ടിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായിരുന്നു. തർക്കം കൈയാങ്കളിയിലെത്തിയപ്പോൾ പിടിച്ചുമാറ്റാൻ എത്തിയതായിരുന്നു പൊന്നമ്മ. ഇതിൽ പ്രകോപിതനായ മകൻ ടിജോ, അമ്മയുടെ നെഞ്ചിൽ ആഞ്ഞ് തൊഴിക്കുകയും ശ്വാസംമുട്ടിച്ച് ശരീരമാസകലം മർദിക്കുകയുമായിരുന്നു. ബോധരഹിതയായ പൊന്നമ്മയെ ടിജോ കട്ടിലിൽ എടുത്തുകിടത്തി.
ചൊവ്വാഴ്ച രാവിലെ പൊന്നമ്മയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചു. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.





