02 September, 2026 09:07:36 AM
ദോശ നൽകാൻ വൈകിയെന്ന് ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു, രണ്ട് പേർ അറസ്റ്റിൽ

കൊല്ലത്ത് ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ അടിച്ചുതകർക്കുകയും ഉടമയെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിൽ അതിക്രമം നടന്നത്. ഹോട്ടലിലെത്തി ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഓർഡർ നൽകാൻ വൈകിയതിനെ തുടർന്ന് ഇരുവരും കടയുടമകളുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഹോട്ടൽ ഉടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ പ്രതികൾ ചേർന്ന് ആക്രമിക്കുകയും കടയിലുണ്ടായിരുന്ന ഗ്ലാസ് അലമാരകളും ഉപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘർഷമുണ്ടായി. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അജി മറിഞ്ഞുവീണ് തലയ്ക്ക് പരിക്കേറ്റു. ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രണ്ടാം പ്രതി രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.





