11 September, 2026 04:24:01 PM
ആര്യനാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആര്യനാട് കുളപ്പട വാലൂക്കോണം കോലിയക്കോട് ഭാഗത്ത് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോലിയക്കോട് സ്വദേശികളായ സാജൻ, ലിബീഷ്, കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിന് സമീപം അരുൺ, കിരൺ എന്നിവരാണ് അറസ്റ്റിലായത്.
സംഭവ ദിവസം കൊല്ലപ്പെട്ട രാഹുലുമായി പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മദ്യം വാങ്ങുന്നതിനുള്ള പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ പെൺവിഷയവും ചർച്ചയായതോടെ തർക്കം രൂക്ഷമായി. വാക്കുതർക്കം പിന്നീട് അടിപിടിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെയാണ് രാഹുലിന് ഗുരുതരമായി പരിക്കേറ്റതും തുടർന്ന് മരണം സംഭവിച്ചതെന്നും പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അറസ്റ്റിലായവരെ പോലീസ് മാറിമാറി ചോദ്യം ചെയ്തുവരികയാണ്.
പ്രതികൾ സ്ഥിരമായി ഈ പ്രദേശത്ത് ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാഹുലിന്റെ മൃതദേഹം രാവിലെ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ ബിന്ദുവിൻ്റെ മകൻ രാഹുൽ (36) ആണ് കൊല്ലപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായിരുന്ന രാഹുലിനെ കഴിഞ്ഞ ദിവസം വാലൂക്കോണം കോലിക്കോട് ഭാഗത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്തായി റബർ തടിയും കണ്ടെത്തിയിരുന്നു.





