24 May, 2020 06:11:35 PM


തമിഴ്നാട് മദ്യം കേരളത്തിലേക്ക്; നെയ്യാറ്റിന്‍കരയില്‍ പിടികൂടിയത് 35 ലിറ്റർ മദ്യം



തിരുവനന്തപുരം: ലോക്ഡൌണ്‍ നിയന്ത്രണങ്ങല്‍ക്കിടയില്‍ തമിഴ്നാട്ടിൽനിന്നുള്ള മദ്യം  കേരളത്തിലേക്ക് ഒഴുകുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നെയ്യാറ്റിന്‍കരയില്‍ മാത്രം പിടികൂടിയത് 35 ലിറ്റർ തമിഴ്നാട് മദ്യമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ മദ്യഷോപ്പുകൾ തുറന്നത്. കേരളത്തിൽ മദ്യഷോപ്പുകൾ തുറക്കാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍നിന്നും വ്യാപകമായ രീതിയില്‍ മദ്യം കേരളത്തിലേക്ക് ഒഴുകുന്നത്. 



കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 35 ലിറ്റർ തമിഴ്നാട് മദ്യമാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിളിന് കീഴിൽ പിടികൂടിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച ആറ്റുപുറത്ത് നിന്ന് 70 കുപ്പി മദ്യം പിടികൂടി. ശനിയാഴ്ച അമരവിളയിൽ നിന്ന് 60 കുപ്പിയും നെയ്യാറ്റിൻകരയിൽ നിന്ന് 51 കുപ്പിയും ആറ്റുപുറത്ത് നിന്ന് 44 കുപ്പിയും തിരുപ്പുറത്ത് നിന്ന് 40 കുപ്പിയും പിടികൂടി.


ഇത്തരത്തിൽ ലിറ്റർ കണക്കിന് മദ്യം കടത്തിയതിന് രണ്ടു  ദിവസത്തിനിടെ നാലു പേർക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങി കേരളത്തിലെത്തിച്ച് ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. തമിഴ്നാട് മദ്യം കൂടുതലായി കേരളത്തിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K