09 June, 2020 04:04:16 PM


'മക്കൾ പട്ടിണിയിൽ, 2000 രൂപ കടം തരണം': എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം



തിരുവനന്തപുരം: ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ ഒരു കുടുംബത്തിന് താങ്ങായി പൊലീസുകാർ. തിരുവനന്തപുരം ജില്ലയിലെ പാലോടാണ് സംഭവം. ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്നും 2000 രൂപ കടമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് അമ്മയും രണ്ടും മക്കളും പൊലീസ് സ്റ്റേഷനിലെത്തിയത്. ദൈന്യാവസ്ഥ മനസിലാക്കിയ പൊലീസുകാർ ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും നൽകിയാണ് അമ്മയെയും മക്കളെയും വീട്ടിൽ തിരിച്ചെത്തിച്ചത്.



മക്കൾ പ്ലസ്ടുവിലും നാലാം ക്ലാസിലുമാണ് പഠിക്കുന്നതെന്നും വീട്ടുജോലിക്ക് പോയി പണം കിട്ടിയാലുടൻ തരാമെന്നുമായിരുന്നു പാലോട് എസ്ഐയ്ക്ക് എഴുതിയ അപേക്ഷയിൽ ഈ അമ്മ പറഞ്ഞിരുന്നത്. പെരിങ്ങമലയിലാണ് ഇവർ വാടകയ്ക്കു താമസിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ വീട്ടുജോലിയെടുത്താണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ അതും നിലച്ചു.


അവസാനത്തെ ആശ്രയമെന്ന നിലയിലാണ് കത്തുമായി സ്റ്റേഷനിലെത്തിയത്. ഇവരുടെ കത്ത് വായിച്ച എസ്ഐ സതീഷ് കുമാർ ഉടൻ 2000 രൂപ നൽകി. തൊട്ടു പിന്നാലെ പൊലീസുകാർ  ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും വാങ്ങി നൽകി.അമ്മയെയും മക്കളെയും പൊലീസുകാർ തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K