30 June, 2020 04:41:12 PM


യുവതിയെയും കുട്ടിയെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍



കോട്ടയം: ദുരൂഹസാഹചര്യത്തില്‍ യുവതിയും നാല് വയസുള്ള കുട്ടിയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസത്തില്‍ രഞ്ജി (36), നാല് വയസുള്ള മകന്‍  ശ്രീനന്ദ് എന്നിവര്‍ മരിച്ച സംഭവത്തിലാണ് രഞ്ജിയുടെ ഭര്‍ത്താവ് ചന്ദ്രബാബു(40)വിനെ കോട്ടയം ഡിവൈഎസ്പി ആര്‍.ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  


ജൂണ്‍ പത്താം തീയതിയാണ് വീടിനടുത്തുള്ള കളരിക്കല്‍ കുളത്തില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തുംമുമ്പ് തന്നെ ഇവരെ കാണാതായതായി ചന്ദ്രബാബു ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 9ന് രാത്രിയില്‍ ഒന്നിച്ച് ഉറങ്ങാന്‍ കിടന്ന ഭാര്യയെയും കുട്ടിയെയും രാവിലെ നോക്കിയപ്പോള്‍ കാണാതായി എന്നായിരുന്നു പരാതി. ചന്ദ്രബാബുവും രഞ്ജിയും തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കുളത്തില്‍ ചാടി ആത്മഹത്യചെയ്തു എന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം.


രഞ്ജിയുടെയും കുട്ടിയുടെയും മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചന്ദ്രബാബുവിനെ ഏറ്റുമാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിന്‍റെ അനാസ്ഥ ചൂണ്ടികാട്ടി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളും പ്രചരിച്ചിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കും വിധമുള്ള ഭര്‍തൃപീഡനമാണ് ചന്ദ്രബാബുവില്‍ ആരോപിക്കപ്പെട്ടത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടൊപ്പം ഇവര്‍ ഒന്നിച്ചായിരുന്നു താമസം. അതേസമയം 9ന്  രാത്രി 11 മുതല്‍ യുവതിയെയും കുട്ടിയെയും കാണാതായതായും സൂചനകള്‍ ലഭിച്ചിരുന്നു. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഗ്നിശമനസേനയുടെ സ്കൂബാ ടീം എത്തി കുളത്തില്‍ പരിശോധന നടത്തിയത്. 10ന് പകല്‍ ഒന്നര മണിയോടെയാണ് കുളത്തില്‍ നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂഴികുളങ്ങര ശശീന്ദ്രമംഗലത്ത് പി.ജി.രാജന്‍റെ മകള്‍ രഞ്ജി അയല്‍വാസിയായ ചന്ദ്രബാബുവിനെ 11 വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മരിച്ച ശ്രീനന്ദിനെ കൂടാതെ ശ്രീഹരി (10) എന്നൊരു മകനുമുണ്ട്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K