15 February, 2021 04:41:07 PM


17കാരിയെ അഞ്ചുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ



തിരുവനന്തപുരം: പതിനേഴുകാരിയെ അഞ്ചു മാസമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തേക്കുവിള സ്വദേശി സജാര്‍ ആണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം. ഇയാള്‍ കഴിഞ്ഞ അഞ്ച് മാസമായി വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 


പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വെളളിയാഴ്ച പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയെ ചെറിയന്നൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ച് മാസമായി സജാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്.


വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സജാർ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇയാളെ പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K