20 February, 2021 11:57:55 PM


യൂത്ത് കോണ്‍ഗ്രസ് സമരത്തിനു പിന്തുണ അറിയിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് സമരപ്പന്തലില്‍




തിരുവനന്തപുരം: വിവിധ റാങ്ക് പട്ടികകളിലുണ്ടായിട്ടും ജോലി ലഭിക്കാതിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ എന്നിവരെ മഹിളാ കോണ്‍ഗ്രസ്  സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിലെ സ്ഥിരാംഗമായതിനാല്‍ യാത്ര തലസ്ഥാന ജില്ലയിലേക്കു പ്രവേശിച്ച സാഹചര്യത്തിലാണ് സമരപ്പന്തലില്‍ എത്താന്‍ കഴിഞ്ഞതെന്ന് ലതികാ സുഭാഷ് പറഞ്ഞു.


സമരത്തിനു പിന്തുണ അറിയിച്ച് സംസ്ഥാന സമിതി നിര്‍ദേശ പ്രകാരം മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. ഷാഫിയും ശബരീനാഥനും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ മാത്രമല്ല നിയമസഭാ സാമാജികര്‍ കൂടിയാണ്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോടും പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ദീനമുഖങ്ങളോടും പുഛത്തോടെ പ്രതികരിക്കുന്ന സമീപനം മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി യു വഹീദ, സെക്രട്ടറി ബിന്ദു ചന്ദ്രൻ എന്നിവരും ലതികാ സുഭാഷിനൊപ്പം ഉണ്ടായിരുന്നു. വിവിധ ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തലുകള്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K