14 August, 2021 01:13:22 PM


തിരുവനന്തപുരം മെഡി. കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു



തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദേഹത്ത് പുഴുവരിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ മരിച്ചു. പുഴുവരിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി അനിൽകുമാർ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനും കഴിഞ്ഞില്ല. ഇത്തരത്തിൽ ഗുരുതരാവസ്ഥയിലിരിക്കെയാണ് അനിൽകുമാർ ശനിയാഴ്ച രാവിലെ മരിച്ചത്.


കഴിഞ്ഞ സെപ്റ്റംബറിലാണ് വീട്ടിൽ വീണതിനെതുടർന്ന് അനിൽകുമാറിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോലിസ്ഥലത്ത് നിന്ന് മടങ്ങി വന്ന ശേഷമായിരുന്നു അനിൽകുമാർ വീട്ടിൽ വീണ് പരിക്കേറ്റത്. ഇതിനുശേഷം നടത്തിയ കോവിഡ് പരിശോധനയിൽ അനിൽകുമാർ പോസിറ്റീവായി. തുടർന്ന് കോവിഡ് വാർഡിലേക്ക് മാറ്റി. ബന്ധുക്കളോട് ക്വറന്റീനിൽ പോകാൻ നിർദ്ദേശം നൽകി. കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെയാണ് അനിൽകുമാറിനെ പുഴുവരിച്ചത്.


കോവിഡ് നെഗറ്റീവായ ശേഷം ഡിസ്ചാർജ് ആയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് അനിൽകുമാറിനെ ആരോഗ്യപ്രവർത്തകർ തിരിഞ്ഞുനോക്കിയില്ലെന്നും ഇതാണ് പുഴുവരിക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. അനിൽകുമാറിന് ആവശ്യമായ ചികിത്സ മെഡിക്കൽ കോളേജ് അധികൃതർ ഉറപ്പ് വരുത്തിയില്ലെന്ന പരാതിയുമുയർന്നു.


നേരത്തെ അനിൽകുമാറിനെ പുഴുവരിച്ച സംഭവത്തിൽ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു. സംഭവത്തിൽ കുറ്റക്കാരായ മൂന്ന് ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ദീർഘനാളായി ആരോഗ്യസ്ഥിതി ഗുരുതരമായിരുന്ന അനിൽകുമാർ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K