15 August, 2021 03:03:22 PM


തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരെ വീണ്ടും അതിക്രമം; ഒരാള്‍ കസ്റ്റഡിയില്‍



ആറ്റിങ്ങല്‍: തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരെ വീണ്ടും അതിക്രമം. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സതേടിയാണ് രണ്ടംഗ സംഘം ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററില്‍ എത്തിയത്. ഇവരാണ് വനിതാ ഡോക്ടറായ ജയശാലിനിക്ക് നേരെ അതിക്രമം കാണിച്ചത്. 


കൈയില്‍ മുറിവുമായി എത്തിയ ആളോട് എങ്ങനെയാണ് മുറിവുണ്ടായതെന്ന് താന്‍ ചോദിച്ചപോള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും അപ്പോള്‍ താന്‍ അവരോട് ചെരിപ്പഴിച്ച് വെച്ച് കിടക്കയില്‍ കിടക്കാന്‍ പറഞ്ഞുവെന്നും ഡോക്ടര്‍ ജയശാലിനി പറയുന്നു. എന്നാല്‍ അവര്‍ ചെരിപ്പൂരി തനിക്ക് നേരെ വലിച്ചെറിഞ്ഞെന്നുമാണ് ഡോക്ടര്‍ പറയുന്നത്. പിന്നീട് ചെരുപ്പ് സ്റ്റാഫ് നഴ്‌സിനു നേരെയും വലിച്ചെറിഞ്ഞു.


അക്രമികള്‍ പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള അസഭ്യ വാക്കുകള്‍ തനിക്കെതിരെ വിളിച്ചുപറഞ്ഞുവെന്നും തനിക്ക് മുന്‍പരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയ്യിലെടുത്തു. ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന ആളാണ് കസ്റ്റഡിയിലായതെന്നാണ് സൂചന.


അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.നേരത്ത തിരുവനന്തപുരത്തെ തന്നെഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായത് വിവാദമായിരുന്നു. ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മാലു മുരളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഐ എം എ അടക്കമുള്ള സംഘടനകളുടെ ഭാഗത്തു നിന്ന് ഉയരുന്നത്. ഈ ഘട്ടത്തിലാണ് തിരുവനന്തപുരത്ത് മറ്റൊരു വനിതാ ഡോക്ടര്‍ക്ക് നേരെയും ആക്രമണം ഉണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് ആരോഗ്യ സംഘടനകളുടെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K