15 September, 2021 05:11:34 PM


പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണം; പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സുപ്രീം കോടതിയില്‍




തിരുവനന്തപുരം: പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെയും ട്രസ്റ്റിന്‍റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

തങ്ങള്‍ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്‍റെ നിലപാട്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്‍റെ ആവശ്യം ജസ്റ്റിസ് യു യു ലളിതിന്‍റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും.

1965ല്‍ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K