14 December, 2021 12:22:08 PM


തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ തീരപ്രദേശങ്ങള്‍ കടലെടുക്കുമെന്ന് പഠനങ്ങള്‍



തിരുവനന്തപുരം: അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയെന്ന് വിദഗ്ധര്‍. കേരളത്തിന്‍റെ കടലിലും തീരത്തും ഉണ്ടാകുന്ന മാറ്റങ്ങൾ അത്യന്തം ഗുരുതരമായ അപകടങ്ങളിലേക്ക് പോകുന്നു എന്നാണ് യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രലിന്‍റെ നിഗമനങ്ങൾ. ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളത്തിന്‍റെ  41% തീരമേഖലയിലും മാറ്റങ്ങൾ പ്രകടമാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് സുരക്ഷിതം. 


പേമാരിയും പ്രളയവും വരൾച്ചയും അതിശൈത്യവും ഇപ്പോള്‍തന്നെ കേരളത്തിന് സമ്മാനിച്ചത് വന്‍ദുരന്തങ്ങളാണ്. കൊച്ചിയും ആലപ്പുഴയും അടക്കം കേരളത്തിന്‍റെ ഒട്ടുമിക്ക തീരനഗരങ്ങളും വെള്ളത്തിനടിയിലായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശംഖുമുഖത്തെ തീരശോഷണം തുടർന്നാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വരെ കടലെടുക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.


കടലിനെയും കായലിനെയും ആവാസവ്യവസ്ഥയെയും ഒരു നൂലിൽ കോർത്തവണ്ണം അതിസൂക്ഷ്മമായി പരിപാലിച്ചിരുന്നത് മഴക്കാലവും വേനൽക്കാലവും ഉള്‍പ്പെട്ട കേരളത്തിലെ പ്രത്യേക കാലാവസ്ഥയാണ്. കാലവർഷക്കാലത്ത് എടുത്തുകൊണ്ടുപോകുന്ന മണലെല്ലാം കടൽ തുലാവർഷക്കാലത്ത് തിരികെ കൊണ്ട് ഇടും. പിന്നെ നാല് മാസത്തോളം നീണ്ട ശാന്തതയാണ്. ഇങ്ങനെയാണ് കേരളത്തിന്‍റെ തീരങ്ങൾ നിലനിന്നുപോന്നത്.


അശാസ്ത്രീയമായ കയ്യേറ്റങ്ങളും മണൽ വാരലും തുറമുഖ നിർമാണങ്ങളും പുലിമുട്ടുകളും കടൽഭിത്തികളും തീരപ്രദേശങ്ങളിലെ സ്വാഭാവികത തടസ്സപ്പെടുത്തി. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിപോലും ഇല്ലാതാക്കി. ഫലത്തിൽ നേരിയ മാറ്റങ്ങൾ പോലും വലിയ തോതിൽ പ്രതിഫലിച്ച് തുടങ്ങി. കാലം തെറ്റി പെയ്യുന്ന മഴയും തുടർച്ചയായ ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും കൂടിയായതോടെ തീരം തീർത്തും ദുർബലമായി. 2017ലെ ഓഖിക്ക് ശേഷം ശംഖുമുഖം ഇടിഞ്ഞതും വലിയതുറ ശോഷിച്ചതും ഇതിന് ഉദാഹരണമാണ്.


ക്ലൈമറ്റ് സെൻട്രലിന്‍റെ റിപ്പോര്‍ട്ടില്‍ അപകടഭീഷണിയുള്ള കേരളത്തിന്‍റെ തീരങ്ങങ്ങള്‍ പ്രത്യേകം ചൂണ്ടികാണിച്ചിട്ടുണ്ട്. കടൽനിരപ്പിന് താഴെയുള്ള പ്രദേശങ്ങളൊക്കെ കടലെടുക്കും. കടലിന്‍റെ ചൂട് കൂടുന്നതും മത്സ്യസമ്പത്തിലെ മാറ്റങ്ങളും ഒക്കെ മറ്റ് അന്തരഫലങ്ങളാണ്. തീരശോഷണം നിയന്ത്രിക്കാനായില്ലെങ്കിൽ, ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങളെ കേരളം താങ്ങില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K