15 December, 2021 01:23:02 PM


ഹെലികോപ്ടര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും വിടവാങ്ങി



ബംഗളൂരു: കൂനൂരിലെ ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്  അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ബംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രി. വരുൺ സിംഗിന്‍റെ കൈകൾക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്. പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ട കഴിഞ്ഞ വര്‍ഷം വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാ‍ർ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കുകയായിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്‍റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിംഗ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് സുലൂരിലേക്ക് പോയത്. റിട്ട കേണല്‍ കെ പി സിംഗാണ് വരുണ്‍ സിംഗിന്‍റെ പിതാവ്. സഹോദരന്‍ തനൂജും നേവി  ഉദ്യോഗസ്ഥനാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K