13 November, 2023 07:06:37 PM
കെഎസ്ആര്‍ടിസി ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ചു; സ്റ്റേഷന്‍ മാസ്റ്റര്‍ കസ്റ്റഡിയില്‍
മൈസുരുവില്‍ കേരള കെഎസ്ആര്‍ടിസി ജീവനക്കാര്‍ തമ്മിലടിച്ചു. ഡ്രൈവറുടെ തലയടിച്ചു പൊട്ടിച്ച സ്റ്റേഷന്‍ മാസ്റ്ററെ മൈസുരു പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസുരു –കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസിന്‍റെ ഡ്രൈവര്‍ കോഴിക്കോട് കക്കോട് സ്വദേശി എം.എം. റഷീദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തു മണിയോടെ മൈസുരു ബസ് സ്റ്റാന്‍ഡിലെ ഓഫീസിലാണു സംഭവം. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാര്‍ട്ട് കൈപ്പറ്റുന്നതു സംബന്ധിച്ച തര്‍ക്കമാണു കയ്യാങ്കളിക്കിടയാക്കിയത്. സ്റ്റേഷന്‍ മാസ്റ്റര്‍ റജില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ മൈസുരു വഴി കടന്നുപോകുന്ന കേരള കെഎസ്ആര്‍ടിസി ബസുകളുടെ ചാര്‍ട്ട് കൈമാറുന്നതുള്‍പ്പെടെയുള്ള ജോലികളെ ബാധിച്ചു. തുടര്‍ന്ന് മറ്റൊരാളെ എത്തിച്ചാണു സര്‍വീസുകള്‍ നടത്തുന്നത്.