21 December, 2021 08:32:01 AM


യൂട്യൂബ് വീഡിയോ കണ്ട് ഭാര്യയുടെ പ്രസവമെടുത്തു: കുഞ്ഞ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

 

ചെന്നൈ: ഭര്‍ത്താവ് യൂട്യൂബ് വീഡിയോ കണ്ട് ഭാര്യയുടെ പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ റാണിപേട്ടിലാണ് സംഭവം. ഗോമതി എന്ന യുവതിയാണ് സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഡിസംബര്‍ 13ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവവേദന ഉണ്ടാവാത്തതിനാല്‍ യുവതി 13ന് ആശുപത്രിയില്‍ പോയിരുന്നില്ല. ഇതിനുശേഷം ശനിയാഴ്ചയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ഗോമതിയുടെ ഭര്‍ത്താവായ ലോകനാഥന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി ഇയാളുടെ സഹോദരിയുടെ സഹായവും തേടി. എന്നാല്‍ പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. അമിത രക്തപ്രവാഹം മൂലം ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഗോമതിയുടെയും ലോകനാഥന്റെയും വിവാഹം നടന്നത്. സംഭവത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ മോഹന്‍ ലോകനാഥിനെതിരെ പോലീസില്‍ പരാതി നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K