25 January, 2022 05:46:10 PM


ഏറ്റുമാനൂര്‍ സ്വാശ്രയകര്‍ഷകസമിതി കെട്ടിടം പൊളിക്കാന്‍ നഗരസഭാ തീരുമാനം

സമിതി പ്രവര്‍ത്തിക്കുന്നത് നഗരസഭാ സ്ഥലത്തെ അനധികൃതകെട്ടിടത്തില്‍



ഏറ്റുമാനൂര്‍: കേരള വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലി (വിഎഫ്പിസികെ) ന്‍റെ കീഴിലുള്ള ഏറ്റുമാനൂര്‍ സ്വാശ്രയ കര്‍ഷകസമിതി പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കുവാന്‍ ഏറ്റുമാനൂര്‍ നഗരസഭാ തീരുമാനം. സ്വകാര്യ ബസ് സ്റ്റാന്‍റിനോട് ചേര്‍ന്ന് നഗരസഭയുടെ സ്ഥലത്ത് ക്രമവിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്.

പതിനേഴ് വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കെ ജനകീയാസൂത്രണഫണ്ടില്‍നിന്നും ലഭിച്ച 65,000 രൂപാ ഉപയോഗിച്ചാണ് സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.  വാടകരഹിതമായി പ്രവര്‍ത്തിക്കുവാന്‍ നിബന്ധനകള്‍ക്കു വിധേയമായി സ്ഥലം വിട്ടു നല്‍കുകയും ചെയ്തു അന്ന് ഗ്രാമപഞ്ചായത്ത്. ഷാജി മാത്യു പാടിയത്ത് ആയിരുന്നു സമിതിയുടെ ആദ്യപ്രസിഡന്‍റ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു സമിതി പ്രവര്‍ത്തനം ആരംഭിച്ചത്. 

എന്നാല്‍ പിന്നീട് മാറിവന്ന ഭരണസമിതികള്‍ സമിതിയുടെ പ്രവര്‍ത്തനം അട്ടിമറിച്ചു. അംഗങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് അഴിമതി ആരോപണവുമായി രംഗത്തെത്തിയതോടെ സമിതിയും ഭാരവാഹികളും വിവാദചുഴിയിലായി. സമിതിക്കും ഭാരവാഹികള്‍ക്കുമെതിരെ നഗരത്തിലാകെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടെ പ്രഥമപ്രസിഡന്‍റിന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പാളിച്ചകള്‍ കണ്ടെത്തി. സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഗ്രാമപഞ്ചായത്തുമായി വിഎഫ്പിസികെയുടെ മേല്‍നോട്ടത്തില്‍  വെച്ച കരാര്‍ ലംഘിച്ചതായും വെളിപ്പെട്ടു.

കുറഞ്ഞത് പത്ത് അംഗങ്ങള്‍ വീതമുള്ള പതിനാറ് ഗ്രൂപ്പുകള്‍ ചേരുന്നതാണ് ഏറ്റുമാനൂര്‍ സ്വാശ്രയ കര്‍ഷക സമിതി. ഇത്തരം ഗ്രൂപ്പുകളില്‍നിന്നും ഓരോ അംഗങ്ങള്‍ക്ക് സമിതി ഭരണസമിതിയില്‍ എത്താം. പതിനാറ് ഗ്രൂപ്പുകളിലായി ആകെ 160 അംഗങ്ങള്‍ വേണ്ടിടത്ത് ആകെ 65 അംഗങ്ങള്‍ മാത്രമാണ് സമിതിക്കുള്ളത്. ഒരു ഗ്രൂപ്പിലും പത്ത് അംഗങ്ങള്‍ തികച്ചില്ല. ചില ഗ്രൂപ്പുകളില്‍ ആകെ ഒരു അംഗം മാത്രമാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ക്ക് രണ്ട് വര്‍ഷം മാത്രമാണ് കാലാവധി എന്നിരിക്കെ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ദീര്‍ഘകാലമായി അധികാരത്തില്‍ തുടരുന്നതായും ആരോപണമുയര്‍ന്നു. ഒരു മാസം മുമ്പാണ് സമിതി പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമല്ല എന്ന് ചൂണ്ടികാട്ടി പ്രഥമപ്രസിഡന്‍റ് ഷാജി മാത്യു ജില്ലാ രജിസ്ട്രാര്‍ക്ക് പരാതിനല്‍കിയത്. ഇതേതുടര്‍ന്ന് സമിതിയുടെ രജിസ്ട്രേഷന്‍ പുതുക്കുന്നത് തല്‍ക്കാലം തടഞ്ഞിരുന്നു. 

2014-15 വര്‍ഷം സമിതിയ്ക്ക് ഗ്രാന്‍റായി ലഭിച്ച നാലര ലക്ഷം രൂപ കൃത്യമായി വിനിയോഗിച്ചില്ല എന്ന ആരോപണവും ഉയര്‍ന്നു. മാത്രമല്ല നഗരസഭയുടെ അനുമതിയില്ലാതെ  നിലവിലുള്ള കെട്ടിടത്തിന്‍റെ നവീകരണം  നടത്തുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥലത്ത് കെട്ടിടത്തിന്‍റെ നവീകരണം നടത്തി പ്രവര്‍ത്തനം തുടരണമെങ്കില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റും നഗരസഭയുടെ  നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമായിരുന്നു. ഇതൊന്നുമില്ലാതെയാണ് സമിതി ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ഇതേതുടര്‍ന്ന് ഷാജി മാത്യു നല്‍കിയ പരാതി ചര്‍ച്ചയ്ക്കെടുത്തുകൊണ്ടാണ് നഗരസഭാ കൗണ്‍സിലിന്‍റെ തീരുമാനമുണ്ടായത്. മുപ്പത്തഞ്ച് അംഗങ്ങളും ഏകകണ്ഠമായാണ് ഈ തീരുമനം കൈകൊണ്ടതെന്നതും ശ്രദ്ധേയമാണ്. കെട്ടിടം ഒഴിയുന്നതിന് സമിതി ഭാരവാഹികള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കും. കെട്ടിടം ഏറ്റെടുത്ത് നഗരസഭയുടെ ജനകീയഹോട്ടല്‍ അവിടെ പ്രവര്‍ത്തനമാരംഭിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K