19 May, 2022 06:51:04 PM


കൊതുകുജന്യ രോഗപ്രതിരോധം: ഞായറാഴ്ചയും വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരണം



കോട്ടയം: ശക്തമായ മഴയെത്തുടർന്ന് പല മേഖലകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എ.ഡി.എം ജിനു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പു മേധാവികളുടെ യോഗത്തിൽ മഴക്കാല പൂർവശുചീകരണ നടപടികളുടെ പുരോഗതി  ചർച്ച ചെയ്തു.

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വാർഡ്തല മാലിന്യ നിർമാർജ്ജന പ്രവർത്തനം ഊർജ്ജിതമാക്കും. വീടുകളിൽ ഞായറാഴ്ചകളിലും ഓഫീസുകളിൽ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. അജൈവമാലിന്യങ്ങൾ കൃത്യമായി  തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ഹരിതകർമസേനയ്ക്ക് കൈമാറണം. വീട്ടിലും പരിസരത്തും കെട്ടിടങ്ങളുടെ സൺഷേഡിലുമടക്കം ഒരിടത്തും വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്ന സാഹചര്യമുണ്ടാകുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണം. വീടിന്റെ പരിസരങ്ങളിൽ വെള്ളംകെട്ടി നിൽക്കാൻ ഇടയാകുന്ന രീതിയിൽ പാത്രങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മുട്ടത്തോട് തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയരുത്. കുറ്റിക്കാടുകൾ, ആൾപ്പാർപ്പില്ലാത്ത പറമ്പുകൾ തുടങ്ങിയ മേഖലകളിൽ പ്രദേശവാസികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം.

ഓടകളിലും നിർമാണ സൈറ്റുകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പും റബർ, കമുക്, പൈനാപ്പിൾ, കൊക്കോ, കാപ്പി തുടങ്ങിയവയുടെ തോട്ടങ്ങളിൽ കൃഷി വകുപ്പും ഉറപ്പു വരുത്തണം. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ ശുചിത്വം ഉറപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന മാർക്കറ്റുകളിലും മറ്റു പൊതുഇടങ്ങളിലും മാലിന്യം കൂടിക്കിടക്കുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തണം.

റബ്ബർ തോട്ടങ്ങളിൽ ചിരട്ടകൾ, ഉപേക്ഷിച്ച ഷെയ്ഡുകൾ, പ്ലാസ്റ്റിക്, ഇലകൾ, കൈതപ്പോളകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉടമകൾ ഉറപ്പാക്കണം. തോട്ടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അങ്കണവാടികളുടെയും പരിസരത്തും ടോയ് ലെറ്റുകളിലും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പും വനിതാ ശിശുവികസന വകുപ്പും നടപടിയെടുക്കണം.

ഹോട്ടലുകളിലും പരിസരങ്ങളിലും വെള്ളംകെട്ടിനിൽക്കുന്ന സാഹചര്യമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പാക്കണം. മത്സ്യബന്ധന മേഖലകളിൽ ഫിഷറീസ് വകുപ്പും കൊതുക് നശീകരണം ഉറപ്പുവരുത്തണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുമായി ചേർന്ന് ഗൃഹസന്ദർശനം നടത്തി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും എ.ഡി.എം. പറഞ്ഞു.

മലിനജലം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാധ്യത തടയുന്നതിന് അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലാ സർവെയ്‌ലൻസ് ഓഫീസർ  ഡോ. കെ.കെ. ശ്യാംകുമാർ, ജില്ലാ മലേറിയ ഓഫീസർ ആർ. എസ്. അനിൽ കുമാർ എന്നിവർ യോഗത്തിൽ വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K