22 May, 2022 06:30:04 PM


'സേഫ് കോട്ടയം': മഴക്കാല സുരക്ഷിതത്വ കാമ്പയിനുമായി ജില്ലാ പോലീസ് ടീം



കോട്ടയം: മഴക്കാലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കോട്ടയം ജില്ലാ പോലീസ് രംഗത്ത്. മഴക്കാലത്തുണ്ടാകാവുന്ന അപകട സാധ്യതകളെപ്പറ്റിയും, അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പറ്റിയും കാലവര്‍ഷത്തിന് മുന്നോടിയായി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സേഫ് കോട്ടയം എന്ന പേരില്‍ സാമൂഹ്യ സുരക്ഷിതത്വ കാമ്പയിന്‍ ആരംഭിച്ചു.
   
മഴക്കാലത്ത് വൈദ്യുതി മൂലമുണ്ടാകാവുന്ന അപകടങ്ങളും സുരക്ഷിത നിര്‍ദ്ദേശങ്ങളും

>  വൈദ്യുതി ലൈന്‍, സര്‍വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും ലൈനിലോ പരിസരങ്ങളിലോ സ്പര്‍ശിക്കുവാനോ, പൊട്ടിവീണ വൈദ്യുതി കമ്പികള്‍ മാറ്റിവെക്കാനോ,താഴ്ന്നു കിടക്കുന്ന പവര്‍ ലൈനുകള്‍ക്ക് അടിയിലൂടെ പോവാനോ, മുകളിലൂടെ ചാടി പോവാനോ ശ്രമിക്കുകയോ എന്തെങ്കിലും കൊണ്ട് അത് ഉയര്‍ത്താനോ, സമീപത്തുള്ള വെള്ളത്തില്‍ സ്പര്‍ശിക്കുവാനോ ഇലക്ട്രിക്ക് പോസ്റ്റുകള്‍ നേരെ നിര്‍ത്താനോശ്രമിക്കാതിരിക്കുക.  വീവരം പെട്ടെന്ന് തന്നെ ബന്ധപ്പെട്ട കെ.എസ്.ഇ.ബി.ഓഫീസില്‍ അറിയിച്ച് ലൈന്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതും, പോലീസ്, ഫയര്‍ & റെസ്ക്യൂ വിഭാഗങ്ങളെ അറിയിക്കേണ്ടതും, അത് വഴി കടന്നു പോവാന്‍ സാധ്യതയുള്ള പൊതുജനങ്ങള്‍ക്ക്  ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്.     

>  ഒരാള്‍ ഷോക്ക്‌ ഏറ്റു കിടക്കുന്നത് കണ്ടാലും വൈദ്യുതി ബന്ധം വിഛേദിച്ചതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ.

>  യാതൊരു കാരണവശാലും വൈദ്യുത പോസ്റ്റുകളിലും സ്റ്റേ കമ്പികളിലും അയ കെട്ടുകയോ, കന്നുകാലികളെയോ, മറ്റ് മ‍ൃഗങ്ങളെയോ കെട്ടുകയോ ചെയ്യരുത്.    

>  വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ വസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍, ഏണികള്‍ എന്നിവ ഉപയോഗിക്കരുത്. 

>  കാലവര്‍ഷക്കെടുതിമൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണു വൈദ്യൂതി കമ്പികള്‍ താഴ്ന്നു കിടക്കുവാനും പോസ്റ്റുകള്‍ ഒടിയുവാനും സാധ്യതയുള്ളതാണ്.  ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റു വൈദ്യുത അപകടങ്ങള്‍  ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്ത കെ.എസ്.ഇ.ബി. ഓഫീസിലും, ഫയര്‍ ഫോഴ്സിലും, പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുക.

>  കാലവര്‍ഷത്തിനു മുന്നോടിയായി വൈദ്യൂത ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും ശ്രദ്ധിക്കുക.  വൈദ്യുതിലൈനിനു മുകളിലുള്ള മരക്കൊമ്പുകൾ സ്വയം മുറിച്ചു മാറ്റാതെ കെ.എസ്.ഇ.ബി. ജീവനക്കാരുടെ സഹായം തേടേണ്ടതാണ്.  

>  ഇടി മിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കേണ്ടതും,  സുരക്ഷിത സ്ഥാനത്തേക്ക് മാറി നില്‍ക്കേണ്ടതുമാണ്. 

>  ശക്തമായ കാറ്റും മഴയും ഇടി മിന്നലും ഉള്ളപ്പോള്‍ ടി.വി, കമ്പ്യൂട്ടര്‍, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇന്‍വെര്‍ട്ടര്‍,ഇന്‍ഡക്ഷന്‍ ഹീറ്റര്‍, തേപ്പ്പ്പെട്ടി തുടങ്ങിയ  ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും ഷോക്കേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതാണ്. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ വെദ്യുത ഉപകരണങ്ങളും അതില്‍ നിന്നും ഊരിയിടുക. 

>  വീടിനകത്ത്വെള്ളംകയറുന്നസാഹചര്യങ്ങളില്‍വൈദ്യുതാഘാതംഏല്‍ക്കാനുള്ളസാധ്യത കൂടുതലായതിനാല്‍ വീടുനുള്ളില്‍ വെള്ളം  കടക്കുന്നതിനു മുന്‍പ് തന്നെ മെയിന്‍ സ്വിച്ച് ഓഫാക്കേണ്ടതും,  വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നും വേര്‍പെടുത്തി നനയാതെ സൂക്ഷിക്കേണ്ടതും, നനഞ്ഞ ഭിത്തിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതുമാണ്.

>  വെള്ളത്തില്‍ ചവിട്ടി നിന്ന് വൈദ്യുതി ഓഫ്‌ ചെയ്യാന്‍ ശ്രമിക്കുകയോ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. 

>  വീടിനുള്ളില്‍ നിന്നും വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഒരു ഇലക്ട്രീഷന്റെയോ, വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള ഒരാളുടെയോ സഹായത്തോടെ പരിശോധന നടത്തി   വെള്ളത്തില്‍  മുങ്ങിയിരുന്ന ഇലക്ട്രിക് വയറുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമാണോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K