23 May, 2022 07:27:31 AM


ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പ ഇടപാടിൽ 1.12 കോടി രൂപയുടെ ക്രമക്കേട്



ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്പ ഇടപാടിൽ 1.12 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നു കാട്ടി ബാങ്ക് പ്രസിഡന്റ് വർക്കി ജോയി പൂവം നിൽക്കുന്നതിൽ സംസ്ഥാന സഹകരണ സംഘം റജിസ്ട്രാർക്ക് പരാതി നൽകി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന ക്രമക്കേട് സംബന്ധിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചു. മുൻ സെക്രട്ടറി ഇൻ - ചാർജ് ജസമ്മ ജോണിന്റെ പെൻഷൻ ആനുകൂല്യങ്ങളും മറ്റും തടഞ്ഞുവെക്കാൻ ഭരണ സമിതി നിർദേശം നൽകി.


ഓഡിറ്റിൽ ക്രമക്കേട് സംബന്ധിച്ച സൂചന ലഭിച്ചതിനെ തുടർന്നാണു പരാതി നൽകിയത്. പുന്നത്തുറ സ്വദേശി ജോബി ചെറിയാൻ, ഭാര്യ, ഇവരുടെ വീട്ടിലെ 2 പണിക്കാർ എന്നിവരുടെ പേരിൽ പേരൂരിലുള്ള പാഴ്ഭൂമിയുടെ ഈടിൽ വായ്പ അനുവദിച്ചെന്നാണു പരാതി. വില്ലേജ് ഓഫീസിൽ നിന്നുള്ള വസ്തുവിന്റെ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് പോലും പരിശോധിക്കാതെ 40 ലക്ഷം രൂപയാണ് നേരിട്ട്  നൽകിയത്. മണൽ ഖനനം നടത്തിയ ഭൂമിയാണ് പണയം വച്ചത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴപ്പലിശയുമായി തുക 72 ലക്ഷമായി.


ഇതോടെ സ്ഥലം ലേലം ചെയ്ത് അധികൃ തർ ബാങ്കിന്റെ ആസ്തിയിൽ ചേർത്തു. ലേല നടപടികൾ ആരെയും അറിയിക്കാതെ 2018 ജൂൺ 13 നാണ് പൂർത്തിയാക്കിയത്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് പാഴ്ഭൂമി വെച്ച് വായ്പ നൽകിയതും മറ്റാരും അറിയാതെ ബാങ്ക് തന്നെ വസ്തു ഏറ്റെടുത്തതെന്നുമാണ് ആരോപണം. പഴയ ഭരണസമിതിയുടെ കാലാവധി കഴിയുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപ് വായ്പ സംബന്ധിച്ച് ഇടപാടുകൾ പൂർണമായും തീർത്തതായി രേഖകൾ ഉണ്ടാക്കിയതും ക്രമക്കേടിന്റെ ഭാഗമാണെന്നു പറയുന്നു. ഈ ഇടപാടിലൂടെ ബാങ്കിന്റെ നഷ്ടം 1.12 കോടി രൂപയാണെന്നാണു പരാതി.


നേരത്തേ ഈ ബാങ്കിൽ ഒരു ജീവനക്കാരി മുക്കുപണ്ടം പണയംവച്ച് 37 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു . കേസായതോടെ തുക അവർ തിരിച്ചടച്ചു. പിന്നീടു ജീവനക്കാരിയെ പുറത്താക്കി. കോടികളുടെ ആസ്തിയുള്ള ബാങ്ക് ജീവനക്കാർക്ക് വൻ തുകയാണ് ശമ്പളമായി നൽകുന്നത്. മുൻ സെക്രട്ടറി ഇൻ ചാർജിന് ഒന്നര ലക്ഷം രൂപയോളമായിരുന്നു ശമ്പളം. പഴയ ഭരണസമിതിയിലെ ഏഴ് പേർ നിലവിലെ ഭരണ സമിതിയിലും അംഗങ്ങളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K