11 June, 2022 10:57:54 AM


കോട്ടയം നഗരത്തില്‍ കള്ളസ്വര്‍ണ്ണം ഒഴുകുന്നു; തങ്കകട്ടികളും ആഭരണങ്ങളും പിടികൂടി ഇന്‍റലിജന്‍സ്



കോട്ടയം: അക്ഷരനഗരിയില്‍ കള്ളസ്വര്‍ണ്ണം ഒഴുകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോട്ടയം നഗരത്തില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ മൂക്കാല്‍ കിലോയുടെ തങ്കകട്ടികളും 38 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം ചന്തക്കവലയിൽ ഓട്ടോറിക്ഷയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 പവൻ സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്. വ്യാഴാഴ്ചയാണ് തങ്കകട്ടി പിടിച്ചെടുത്തത്.


നഗരമധ്യത്തിലെ സ്വർണ്ണമൊത്ത വ്യാപാരികൾ കൂടിയായ ഭാഗ്യലക്ഷ്മി ജ്വല്ലറിയിൽ നിന്ന് കട്ടപ്പനയിലെ അമ്പഴത്തിനാൽ ജ്വല്ലറിയിലേക്കാണ് ഓട്ടോയിൽ സ്വർണ്ണാഭരണങ്ങൾ കടത്താൻ ശ്രമിച്ചത്. ബില്ലില്ലാതെ സ്വർണ്ണകടത്ത് വ്യാപകമായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു കോട്ടയത്തെ ജ്വല്ലറി. ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയതോടെ സ്വർണ്ണവുമായി യാത്ര ചെയ്തിരുന്നയാൾ ഓട്ടോയിൽ നിന്നുമിറങ്ങി ഓടി.  ഉദ്യോഗസ്ഥർ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.


ഇന്റലിജൻസ് ഓഫീസർ വി.ആർ മഹേശ് വെച്ചുവീട്ടിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, ടി.സി.സുരേഷ്, അതുൾ ദിലീപ്, ബിന്ദുമോൾ മാത്യു എന്നിവർ പങ്കെടുത്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന് 16 ലക്ഷം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.


വൈഎംസിഎ റോഡിലെ ആർ ആർ ജെ ഗോൾഡിൽ നിന്നും രേഖകളില്ലാതെ ജീവനക്കാരൻ തൃശൂരിലേക്ക് കൊണ്ടുപോയ മുക്കാൽ കിലോ തൂക്കം വരുന്ന തങ്കകട്ടിയാണ് ഇന്റലിജൻസ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ചെങ്ങന്നൂർ സ്ക്വാഡ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. സ്വർണ്ണം ഷോറൂമിൽ പ്രദർശിപ്പിക്കാതെയും ബില്ലില്ലാതെയും കച്ചവടം നടത്തുന്ന വ്യാപാരികൾ കോട്ടയം നഗരത്തിൽ ഒട്ടനവധിയുണ്ടെന്ന്  ഉദ്യോഗസ്ഥർ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K