08 March, 2019 01:01:41 PM


കുമ്മനം രാജശേഖരന്‍ തിരിച്ച് കേരളത്തിലേക്ക്; മിസോറാം ഗവർണർ പദവി രാജിവെച്ചു



തിരുവനന്തപുരം: സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായി മിസോറാം ഗവർണർ പദവി കുമ്മനം രാജശേഖരൻ രാജിവെച്ചു. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. കുമ്മനം രാജശേഖരനെ സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാംലാൽ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കുമ്മനം കേരളത്തിലെ ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തി. 


രാത്രിയോടെ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാനുള്ള അനുമതി കുമ്മനം രാജശേഖരനെ നേരിട്ട് അറിയിച്ചു. ഇന്നലെ തന്നെ രാജിക്കുള്ള ഒരുക്കങ്ങള്‍ കുമ്മനം പൂര്‍ത്തിയാക്കി എന്നാണ് വിവരം. ഗ്വാളിയറിൽ നടക്കുന്ന ആർഎസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയിലും കുമ്മനത്തിന്‍റെ മടങ്ങി വരവ് ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിനെല്ലാം ശേഷമാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കിയത്. കുമ്മനത്തിന്‍റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിട്ടുണ്ട്. മിസോറാമിന്‍റെ അധികചുമതല അസം ഗവര്‍ണര്‍ക്ക് നല്‍കി രാഷ്ട്രപതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. 


കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് സീനിയര്‍ നേതാവിന്‍റെ മടങ്ങി വരവ്. കുമ്മനം മടങ്ങിയെത്തുന്നതോടെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയാരെന്ന ആകാംക്ഷയ്ക്കും വിരാമമാവും. 


കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് കേരളത്തിലെ ആർഎസ്എസ് ഘടകത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി ദേശീയനേതൃത്വത്തെ അവർ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ പാർട്ടിക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരമെന്നും അവിടെ ഏറ്റവും സാധ്യത കുമ്മനം രാജശേഖരനാണെന്നുമാണ് ആർഎസ്എസ് വിലയിരുത്തൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K