20 October, 2019 11:02:49 AM


മറവിരോഗത്തെ പ്രാരംഭ ഘട്ടത്തിൽ അറിയാനുള്ള വഴിതുറന്ന് മലയാളിഗവേഷകർ




കൊച്ചി: മറവിരോഗമായ അൽഷിമേഴ്‌സിനെ പ്രാരംഭഘട്ടത്തിൽത്തന്നെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളിഗവേഷകർ. പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെങ്കിലും തുടക്കത്തിലേ കണ്ടെത്തിയാൽ രോഗതീവ്രത കുറയ്ക്കാൻ കഴിയുമെന്നു ഗവേഷകർ പറയുന്നു. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് മെഡിസിനിൽ ഗവേഷകരായ നിമ്മി ബേബി, സജികുമാർ ശ്രീധരൻ എന്നിവരടങ്ങിയ ഗവേഷകസംഘമാണ് രോഗത്തെ മുൻകൂട്ടിയറിയാൻ സഹായിച്ചേക്കാവുന്ന നൂതന 'ബയോമാർക്കർ' കണ്ടെത്തിയത്. 'ഏജിങ് സെൽ' ജേണലിന്റെ പുതിയ ലക്കത്തിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പ്രായാധിക്യം കൊണ്ടുണ്ടാകുന്ന മേധാക്ഷയത്തിന്റെ വിഭാഗത്തിൽപ്പെട്ടതാണ് അൽഷിമേഴ്‌സ്. 65 വയസ്സ് കഴിഞ്ഞവരിലാണ് ഇതു പ്രത്യക്ഷപ്പെടുക. ചിലരിൽ മുപ്പതുകളിലും നാൽപ്പതുകളിലും രോഗം തുടക്കം കുറിച്ചിട്ടുണ്ടാകാം. 65 കഴിഞ്ഞാൽ ഓരോ അഞ്ചു വർഷത്തിലും അൽഷിമേഴ്‌സ് ഇരട്ടിയാകാനാണു സാധ്യത. ബീറ്റാ അമിലോയ്ഡുകൾ പോലുള്ള ചില പ്രോട്ടീനുകൾ മസ്തിഷ്കത്തിൽ അധികമായി ശേഖരിക്കുന്നതാണ് അൽഷിമേഴ്‌സിനു പ്രധാന കാരണം. ഇത് സിരാകോശങ്ങളെ ബാധിച്ച് ഓർമകളെ നശിപ്പിക്കുന്നു. ഈ പ്രശ്നം ആദ്യം ബാധിക്കുക മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസിനെയാണ്.

ദീർഘകാല ഓർമകൾ ഏകീകരിക്കുന്നതിൽ ഹിപ്പോകാമ്പസ് പ്രധാനമാണ്. അൽഷിമേഴ്സ് ബാധിക്കുന്നതോടെ ഹിപ്പോകാമ്പസിലെ സിരാകോശങ്ങൾക്കു പ്രവർത്തനശേഷി നഷ്ടപ്പെടും. ഓർമകളുടെ ഏകീകരണം അസാധ്യമാകും. ഓർമകൾ ഏകീകരിക്കാൻ കഴിയാത്തതിനു കാരണം, ഹിപ്പോകാമ്പസിൽ ഒരു 'നോൺ-കോഡിങ് ആർ.എൻ.എ. യുടെ പ്രവർത്തനവ്യത്യാസമാണെന്നു ഡോ. നിമ്മിയും സംഘവും കണ്ടെത്തി.

'മൈക്രോ-ആർ.എൻ. എ.-134-5പി' ആണ് വില്ലനെന്ന്, എലികളിൽ നടത്തിയ പഠനം വ്യക്തമാക്കി. ഡി.എൻ.എ.യിൽനിന്ന് ജനിതകവിവരങ്ങൾ ആർ.എൻ.എ.യിലേക്കാണു പകർത്തുക. ആർ.എൻ.എ. എത്തിക്കുന്ന വിവരങ്ങളാണ് കോശങ്ങൾ പ്രോട്ടീൻ നിർമിക്കാൻ ഉപയോഗിക്കുക. വിവരങ്ങൾ പ്രോട്ടീനുകളിലേക്കു വിവർത്തനം ചെയ്യാൻ കഴിവില്ലാത്ത ആർ.എൻ.എ.കളുമുണ്ട്. അതാണ് 'നോൺ-കോഡിങ് ആർ.എൻ.എ.' അൽഷിമേഴ്‌സ് ബാധിച്ചവരുടെ ഹിപ്പോകാമ്പസിൽ ഇതിന്റെ പ്രവർത്തനം കൂടുതലാണ്. ഇവയുടെ അമിതപ്രവർത്തനം ഓർമകൾക്കാവശ്യമായ പ്രോട്ടീനുകളെ കുറയ്ക്കുന്നു, ഓർമകളുടെ ഏകീകരണം തടസ്സപ്പെടുന്നു. മൈക്രോ-ആർ.എൻ.എ.യ്ക്ക് ഓർമകളുടെ കാര്യത്തിൽ ഇത്ര പ്രാധാന്യമുണ്ടെന്നത് ആദ്യമായാണു തിരിച്ചറിയുന്നത്.

മസ്തിഷ്‌കത്തിലെ സിരാകോശങ്ങളിൽനിന്ന് രക്തത്തിലേക്കും സെറിബ്രോസ്പൈനൽ ഫ്ളൂയിഡിലേക്കും (സി.എസ്.എഫ്.) വില്ലനായ മൈക്രോ-ആർ.എൻ.എ. ചോർന്നെത്താറുണ്ട്. അതിനാൽ രക്തത്തിലെയും സി.എസ്.എഫിലെയും ആ മൈക്രോ-ആർ.എൻ.എ.യുടെ അളവുനോക്കി രോഗനിർണയം നേരത്തേ നടത്താനാകും. ഇതൊരു 'ബയോമാർക്കർ' ആയി ഉപയോഗിക്കാനാകും. അൽഷിമേഴ്‌സ് നേരത്തേ നിർണയിക്കാനുള്ള സാധ്യതയ്ക്കു വഴിതുറക്കുന്ന ഒരു പ്രധാന ചുവടുവെപ്പാണ് ഈ പഠനമെന്ന്, കൊച്ചി സർവകലാശാല സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി പറഞ്ഞു. സർവകലാശാല അൽഷിമേഴ്‌സിനെക്കുറിച്ച് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സിങ്കപ്പൂരിനെ പ്രതിനിധാനം ചെയ്ത് ഡോ. സജികുമാർ ശ്രീധരൻ നവംബർ രണ്ടിന് പുതിയ പഠനത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കും.

അമ്പലപ്പുഴ പുത്തൻചിറയിൽ ബേബി തോമസിന്റെയും സാലിമ്മയുടെയും മകളാണ് ഡോ. നിമ്മി. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ന്യൂറോസയൻസിൽ പിഎച്ച്‌.ഡി. കരസ്ഥമാക്കിയ നിമ്മി 2016 മുതൽ ഡോ. സജികുമാറിന്റെ ഗവേഷകസംഘത്തിൽ അംഗമാണ്. സിങ്കപ്പൂരിൽ ഐ.ടി. മേഖലയിലുള്ള ബിനോയ് ചാക്കോയാണ് ഭർത്താവ്. ഓർമയുടെ തന്മാത്രാ ശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി പഠനരംഗത്തുള്ള ഡോ. സജികുമാർ, നാഷണൽ യൂണിവേഴ്‌സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഹരിപ്പാട് ചിങ്ങോലി സൗപർണികയിൽ കെ. ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ന്യൂറോ സയന്റിസ്റ്റുമായ ഡോ.ഷീജ നവക്കോടാണു ഭാര്യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K