14 January, 2020 08:54:42 PM
അഗസ്ത്യാര്‍കൂട സന്ദര്‍ശനം തുടങ്ങി; മല കയറാന്‍ ഇത്തവണ 170 സ്ത്രീകള്‍

തിരുവനന്തപുരം: ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ നിന്ന് മൂന്നു സ്ത്രീകടങ്ങുന്ന 116 അംഗ  ആദ്യ സംഘം പുറപ്പെട്ടതോടെ ഈ വര്‍ഷത്തെ അഗസത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കമായി. ജനു. 8 ന് രജിസ്‌ട്രേഷന്‍ ആരംഭിച്ച്  മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ പ്രവേശന പാസുകളും ബുക്കുചെയ്തു കഴിഞ്ഞിരുന്നു. ഇത്തവണ ആകെ 3600 പേരാണ് മലകയറുക. ഇതില്‍ 170 പേരും സ്ത്രീകളാണ്. രണ്ടുപേര്‍ വിദേശികളും.
സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന അറിയിപ്പുണ്ടെങ്കിലും ഇത്തവണ സ്ത്രീ പങ്കാളിത്തം കഴിഞ്ഞ തവണത്തേതിനേക്കാള്‍ വളരെ കൂടുതല്‍. കഴിഞ്ഞ തവണ 103 പേരാണ് മല ചവിട്ടിയത്.  ആദ്യമായി സ്ത്രീകള്‍ക്ക് അഗസത്ര്യാര്‍ കൂട ട്രക്കിംഗിന് വകുപ്പ് അനുമതി നല്‍കിയത് കഴിഞ്ഞ സന്ദർശനകാലത്തായിരുന്നു. ഫെബ്രുവരി 18 വരെ നീളുന്ന സന്ദര്‍ശനകാലത്ത്  പ്രത്യേകം പരിശീലനം സിദ്ധിച്ച 32 ഗൈഡുകളും വനപാലകരും സന്ദര്‍ശകര്‍ക്ക് വഴികാട്ടികളാവും. പത്തു പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാകും.
വന്യജീവികളുടെ സാന്നിധ്യവും വഴി ദുര്‍ഘടവുമായതിനാല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാറില്ല. ലാത്തിമൊട്ട, കരമനയാര്‍,  അട്ടയാര്‍, എഴുമടക്കന്‍ തേരി, അതിരുമല  എന്നിവിടങ്ങളില്‍ ഇടത്താവളങ്ങളൊരുക്കിയിട്ടുണ്ട്.അതിരുമലയില്‍ മാത്രമാണ് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. ബോണക്കാട് പിക്കറ്റ് സേറ്റഷന്‍, അതിരുമല ക്യാമ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ക്യാന്റീന്‍ സൗകര്യവും വകുപ്പ്  ഉറപ്പാക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്തവർ ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിംഗ് ദിവസം രാവിലെ 7 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ്. എട്ടു മുതല്‍ പതിനൊന്ന് വരെയാണ് സന്ദര്‍ശകരെ കയറ്റിവിടുക. സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും തടവുമടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബോണക്കാട് പഞ്ചായത്ത് അംഗം സതീഷ് കുമാര്‍ അദ്യസംഘത്തെ ഫ്‌ളാഗ് ഓഫ് ചെയ്ത് യാത്രയാക്കി. സന്ദര്‍ശകര്‍ക്ക് കാട്ടുതീ സംബന്ധമായ പ്രത്യേക പഠനക്ലാസും സംഘടിപ്പിച്ചു. ചടങ്ങില്‍ തിരുവനന്തപുരം വന്യജീവി വാര്‍ഡന്‍ ജെ ആര്‍ അനി, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ ജെ സുരേഷ്,സതീശന്‍ എന്‍ വി, ബോണക്കാട് ഇ ഡി സി പ്രസിഡന്റ് മാഹീന്‍ തുടങ്ങിയവരും സംബന്ധിച്ചു.
 
                                 
                                        



