24 November, 2021 07:12:16 PM


സഞ്ചാരികൾക്കായി നൂതന പാക്കേജുകളൊരുക്കി പാലാക്കരി അക്വാ ടൂറിസം കേന്ദ്രം



കോട്ടയം: മത്സ്യഫെഡിന്റെ അക്വാ ടൂറിസം കേന്ദ്രമായ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരിയിൽ സഞ്ചാരികൾക്കായി പ്രത്യേക  പാക്കേജുകൾ ആരംഭിച്ചു. 200 മുതൽ 2000 രൂപ വരെയുള്ള വിവിധ പാക്കേജുകൾക്കു പുറമേ 'ദ്വയം' എന്ന പ്രത്യേക പാക്കേജും പുതിയതായി ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 6.30 വരെയുള്ള സായന്തന പാക്കേജാണ് ദ്വയം. 
ഫാമിനെയും വൈക്കം ബീച്ചിനെയും സമന്വയിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്.

200 രൂപയുടെയും 250 രൂപയുടെയും രണ്ട് പാക്കേജുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോയിങ് ബോട്ട്-പെഡൽ ബോട്ട് യാത്ര, ചൂണ്ടയിടൽ, ലഘുഭക്ഷണം, മത്സ്യഫെഡിന്‍റെ പബ്ലിക് അക്വേറിയം സന്ദർശനം തുടങ്ങിയവയാണ് 200 രൂപയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 250 രൂപയുടെ പാക്കേജിൽ വേമ്പനാട്ട് കായലിലൂടെ സ്പീഡ് ബോട്ട് യാത്ര കൂടി ആസ്വദിക്കാൻ അവസരമുണ്ട്. വിവിധ പാക്കേജുകളിലായി ശിക്കാരവള്ളം യാത്ര, സ്പീഡ്- പെഡൽ ബോട്ട് യാത്ര, കയാക്കിംഗ്, മത്സ്യക്കൂട് കൃഷി പരിചയപ്പെടൽ, കെട്ടുവള്ള മ്യൂസിയം, സൈക്കിൾ സവാരി, ചൂണ്ടയിടൽ, മത്സ്യ വിഭവങ്ങളടങ്ങിയ ഭക്ഷണം, കുട്ടികൾക്കായി പാർക്ക് തുടങ്ങിയവയുമുണ്ട്.

രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ ഫാം സന്ദർശിക്കാം. മത്സ്യഫെഡിന്റെ 117 ഏക്കറിലുള്ള അക്വാ ടൂറിസം ഫാമാണ് പാലാക്കരിയിലേത്. കോവിഡ് പ്രതിസന്ധിക്കു ശേഷം ജലവിനോദ സഞ്ചാരം സജീവമാക്കാനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരത്തിനൊപ്പം മത്സ്യകൃഷി കൂടി പ്രോത്സാഹിപ്പിക്കുന്ന പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മത്സ്യഫെഡ് ഫിഷ് ഫാംസ് ആൻഡ് അക്വാടൂറിസം സെന്റർ മാനേജർ പി. നിഷ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K