11 September, 2025 09:07:51 AM


അയ്മനം ആമ്പല്‍ വസന്തം, കനാല്‍ ടൂറിസം ഫെസ്റ്റ്; വെള്ളിയാഴ്ച തുടക്കം



കോട്ടയം : അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തില്‍ നിറഞ്ഞു നിൽക്കുന്ന ആമ്പല്‍ വസന്തത്തിൻ്റെ ഭാഗമായ കനാൽ ടൂറിസം ഫെസ്റ്റിന് വെള്ളിയാഴ്ച (സെപ്റ്റംബർ 12) തുടക്കം. മൂന്നുദിവസത്തെ ഫെസ്റ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ ഒൻപതു മണിക്ക് തുറമുഖ, സഹകരണ,ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. അയ്മനം ഗ്രാമപഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം മിഷനും റെസിഡന്‍സ് അസോസിയേഷനുകൾ , പാടശേഖര സമിതി, അരങ്ങ് സാംസ്‌കാരിക കൂട്ടായ്മ എന്നിവരുമായി  ചേര്‍ന്നാണ്  ടൂറിസം ഉത്‌സവം ഒരുക്കുന്നത്. 
 ഫെസ്റ്റിന്റെ ഭാഗമായി നാടന്‍ കലാകായിക മത്‌സരങ്ങള്‍, ആമ്പല്‍ ജലയാത്ര, കയാക്കിങ്ങ്, കുട്ടവഞ്ചി -ശിക്കാരി വള്ളയാത്ര, നാടന്‍ ഭക്ഷ്യമേള, വലവീശല്‍ മത്സരം, ഓലമെടയല്‍ മത്സരം, എട്ടുകളി, പകിടകളി മത്സരങ്ങള്‍ എന്നിവയും വീട്ടമ്മമാര്‍ക്കായി രുചിക്കൂട്ട് പാചക മത്സരവും ഒരുക്കിയിട്ടുണ്ട്.  ശിക്കാരി വള്ളത്തിലും, ചെറുവള്ളങ്ങളിലും, ബോട്ടിലും പുത്തൂക്കരിയില്‍ നിന്ന് ചീപ്പുങ്കലിലേക്ക് യാത്രയും ഒരുക്കിയിട്ടുണ്ട്.  കനാല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കയറുപിരി, തെങ്ങുകയറ്റം , ഓലമെടയല്‍, പാ നെയ്ത്ത്, മീന്‍പിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാനും അവസരമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K