21 January, 2020 03:52:17 PM
വിദേശവനിതയുടെ ബാഗ് പിടിച്ചു പറിച്ച വിദ്യാർത്ഥികൾ മോഷ്ടിച്ച സ്‌കൂട്ടറിലെ യാത്രയിൽ പിടിയിൽ

വർക്കല : വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിക്കവെ പോലീസ് പിടിയിലായി. കിട്ടിയ പണവും മറ്റുമായി മോഷ്ടിച്ചെടുത്ത സ്കൂട്ടറില്‍  വർക്കലയിൽ നിന്നും വയനാട് വരെ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും കൊല്ലം നീണ്ടകരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 
ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹംഗറി സ്വദേശിയായ ഡോ.സോഫിയ ഡാനോസ്(34), സൃഹൃത്ത് റെനേറ്റ ഹൊവാർട്ട്(33) എന്നിവർ വർക്കല മെയിൻ ബീച്ചിൽ നിന്നു നടന്നു വരവേ ക്ഷേത്രകുളം റോഡിന് സമീപത്ത് വച്ചായിരുന്നു 16,17 വയസ്സുള്ള കൌമാരക്കാര്‍ ചേര്‍ന്ന് ഇവരിലൊരാളുടെ യുവതിയുടെ ബാഗ് മോഷ്ടിച്ചത്. ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു. 
നിരീക്ഷണ ക്യാമറകളിൽ നിന്നാണ് പാളയംകുന്നിൽ നിന്നു മോഷണം പോയ സ്‌കൂട്ടറിലാണ് ഇവര്‍ കടന്നുകളഞ്ഞതെന്ന് മനസിലായത്. വർക്കലയിലെ രണ്ടു സർക്കാർ സ്‌കൂളുകളിൽ നിന്നു പുറത്താക്കപ്പെട്ട ഇവർ ജില്ല വിട്ടു പുറത്തേക്കു നീങ്ങിയ ഇരുവരും വീട്ടുകാരെ ഫോണിൽ വിളിക്കുന്നതായി മനസ്സിലാക്കി. മോഷ്ടിച്ച സ്‌കൂട്ടറിൽ തന്നെ വർക്കലയിലേക്ക് മടങ്ങുന്നുവെന്നു മനസ്സിലാക്കിയാണ് നീണ്ടകര പാലത്തിന് സമീപം പിടികൂടിയത്. ബാഗിൽ നിന്ന് ആവശ്യത്തിന് പണം ലഭിച്ചിരുന്നുവെങ്കിൽ ബംഗളൂരു വരെ പോകാനായിരുന്നു പദ്ധതി. എന്നാൽ 400 രൂപയും ക്രെഡിറ്റ് കാർഡുകളും ഫോണും മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്. മൊബൈലിലെ സിം എടുത്തു കളഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
                                
                                        



