16 June, 2020 09:10:46 PM


മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ കൊലക്കേസ് പ്രതി; സന്ദീപ് വാര്യരും അനില്‍ അക്കരയും 'കൊമ്പുകോർക്കുന്നു'


uploads/news/2020/06/404124/sandeep warrier.jpg


തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും മുഹമ്മദ് റിയാസിന്റെയും വിവാഹത്തില്‍ കൊലക്കേസ് പ്രതി പങ്കെടുത്തുവെന്ന ആരോപണം വാര്‍ത്തയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കാട്ടുകുളങ്ങര സുരേഷ് ബാബുവിനെ കൊന്ന കേസിലെ പ്രതി മുഹമ്മദ് ഹാഷിം വിവാഹത്തില്‍ പങ്കെടുത്ത വിവരം ബി.ജെ.പി വക്താവ് സന്ദീപ് വാര്യരാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയത്.


എന്നാല്‍ ഇതേച്ചൊല്ലി കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരയും സന്ദീപ് വാര്യരും തമ്മില്‍ വാക്‌പോര് തുടങ്ങിയിരിക്കുകയാണ്. കുന്നംകുളത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകക്കേസില്‍ സുപ്രീം കോടതി വരെ ശിക്ഷിച്ച പ്രതികള്‍ നാട്ടിലിറങ്ങി നടക്കുന്നത് ഇപ്പോള്‍ ആദ്യമായാണോ എന്ന് ചോദിച്ചുകൊണ്ട് അനില്‍ അക്കരയാണ് വാക്‌പോരിന് തുടക്കം കുറിച്ചത്.


ഈ പ്രതികള്‍ ജയിലില്‍ കിടന്നതിനേക്കാള്‍ കൂടുതല്‍ ദിവസം വീട്ടിലായിരുന്നെന്നും ഈ വിഷയത്തില്‍ നിയസഭയില്‍ ചോദ്യം ചോദിച്ചത് ബി.ജെ.പി എം.എല്‍.എയായ രാജഗോപാലല്ലെന്നും അനില്‍ അക്കര സൂചിപ്പിച്ചു. ശിക്ഷയിളവിനെതിരെ പ്രതികരിച്ചത് ആരാണെന്നും അനില്‍ അക്കര ചോദിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് മുഖ്യമന്ത്രി മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്‍കിയെന്ന് ആരോപിച്ച അനില്‍ അക്കര, കുന്നംകുളത്ത് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്നും ആരോപിച്ചു.


ഇതിന് മറുപടിയുമായി സന്ദീപ് വാര്യര്‍ രംഗത്ത് വന്നു. തൃശൂരിലെ സംഘപ്രവര്‍ത്തകര്‍ ഹൈക്കോടതി വെറുതെ വിട്ട കേസ് സുപ്രീം കോടതി വരെ നടത്തിയാണ് സുരേഷ് ബാബു കേസിലെ പ്രതികളായ സി.പി.എമ്മുകാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.


കേരളത്തില്‍ സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ട ഒരു കോണ്‍ഗ്രസുകാരന് നീതി വാങ്ങിക്കൊടുക്കാന്‍ കോണ്‍ഗ്രസിനോ അനില്‍ അക്കരയ്‌ക്കോ കഴിഞ്ഞിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് കാരണം കോണ്‍ഗ്രസുകാര്‍ തന്നെ പരസ്പരം വെട്ടിക്കൊന്ന ലാല്‍ജിക്കോ മധുവിനോ നീതി വാങ്ങികൊടുക്കാമോ, അതുമല്ലെങ്കില്‍ പുന്ന നൗഷാദിനെ കൊന്ന എസ്.ഡി.പി.ഐയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുമോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K