10 October, 2023 10:58:20 AM


വനിതാ എസ്.ഐയെ വിമർശിച്ച് കാർട്ടൂണ്‍; കാർട്ടൂണിസ്റ്റിനും കമന്‍റിട്ട അഞ്ച് പേർക്കുമെതിരെ കേസ്



കട്ടപ്പന: അനാവശ്യ പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് വനിതാ എസ്.ഐയെ വിമർശിച്ചുകൊണ്ട് കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സംഭവത്തിൽ കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. 

ഫേസ്ബുക്കിൽ കാർട്ടൂൺ പോസ്റ്റ് ചെയ്തതിന് അടിയിൽ അശ്ലീല കമന്‍റിട്ട അഞ്ചുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. 

അതേസമയം വനിതാ എസ്.ഐയുടെ പരാതിയിൽ പേരുള്ളതുകൊണ്ടാണ് കാർട്ടുണിസ്റ്റിനെതിരെ കേസെടുത്തതെന്നും, അത് ഒഴിവാക്കുമെന്നും കട്ടപ്പന ഡി.വൈ.എസ്.പി അറിയിച്ചു.

ട്രാഫിക് ബ്ലോക്കിൽ നിർത്തിയ തന്‍റെ വാഹനത്തിന്‍റെ ചിത്രം വനിതാ എസ്.ഐ മൊബൈലിൽ പകർത്തിയെന്നും, പിഴയിട്ടാൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുമെന്നുമുള്ള അടികുറിപ്പോടെയാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തത്.

കാർട്ടൂണിന് അടിയിൽ അശ്ലീല കമന്‍റുകൾ വന്നതോടെയാണ് ഈ പോസ്റ്റ് വൈറലായത്. ഇതോടെയാണ് ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയിൽ വന്നത്. തുടർന്ന് വനിതാ എസ്.ഐയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കാർട്ടൂണിസ്റ്റിനും കമന്‍റ് ഇട്ടവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. 

സൈബറിടങ്ങളിൽ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തത്. കമന്‍റിട്ടവരുടെ വിവരങ്ങൾ തേടാൻ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന വിമർശനം വനിതാ എസ്ഐയ്ക്കെതിരെ നേരത്തെയുണ്ട്. ഇക്കാര്യം ആരോപിച്ച് കട്ടപ്പന പട്ടണത്തിലെ ഒരുവിഭാഗം വ്യാപാരികൾ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് നാലുദിവസം മുമ്പ് വനിതാ എസ്.ഐയ്ക്കെതിരെ വിവാദ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ അനാവശ്യമായി ആരുടെയും പേരിൽ പിഴ ഈടാക്കിയിട്ടില്ലെന്നും റോഡിലേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്തവർക്കെതിരെയാണ് പിഴ ചുമത്തിയതെന്നും എസ്.ഐ വിശദീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K