09 September, 2023 03:55:58 PM


റീല്‍സ് എടുക്കാൻ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു



മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വച്ച് സ്വന്തം ജീവൻ പോലും അപകടപ്പെടുത്തുന്ന രീതിയിലുള്ള അഭ്യാസപ്രകടനം. ഏറെ അപകടകരമായ അഭ്യാസ പ്രകടനം നടത്തി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കാനാണ് യുവാവ് ശ്രമിച്ചത്. സംഭവത്തിന് ദൃക്സാക്ഷിയായ മറ്റൊരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിലൂടെ റെയില്‍വേ പോലീസിന്‍റെ അടിയന്തര ശ്രദ്ധ ക്ഷണിച്ചത്.

പിന്നാലെ യുവാവിനെതിരെ നടപടി എടുക്കണമെന്ന് സാമൂഹിക മാധ്യമത്തില്‍ നിരവധി പേര്‍ എഴുതി. മുംബൈ ലോക്കൽ ട്രെയിനിൽ വച്ചാണ് ഇത്തരത്തിൽ ഒരു അപകടകരമായ വീഡിയോ ചിത്രീകരണത്തിന് യുവാവ് ശ്രമിച്ചത്. ട്രെയിനിന്‍റെ ഫുട്‌ബോർഡിന് താഴെയുള്ള ഗോവണിപ്പടിയിൽ നിന്ന് കൊണ്ട് ഒരു കൈ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് തൂങ്ങിയാടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. 

സംഭവത്തിന് ദൃക്സാക്ഷിയായ ജസ്വന്ത് സിംഗ് എന്ന സഹയാത്രികനാണ് യുവാവിന്‍റെ അശ്രദ്ധ നിറഞ്ഞ പെരുമാറ്റം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഇന്ത്യൻ റെയിൽവേയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

വീഡിയോ വൈറൽ ആയതോടെ ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ കേസെടുക്കുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെയിൽവേ സുരക്ഷാ പ്രോട്ടോക്കോളിന് എതിരായ ഇത്തരം പെരുമാറ്റങ്ങൾ അനുവദിച്ച് നൽകാൻ സാധിക്കില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകരമായ പെരുമാറ്റങ്ങളിലൂടെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർപിഎഫ് അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K