08 February, 2022 10:28:07 AM


യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ ലഭിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ പട്ടാപകൽ ചെടി കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളിൽ വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച 11 മണിയോടെ കടയുടെ ഭാഗത്തേക്ക് പോയ ആൾ 20 മിനിറ്റിനുളളിൽ തിരിച്ചു വന്ന ദൃശ്യങ്ങളാണ് പൊലീസ് ലഭിച്ചത്. തിരിച്ചെത്തിയപ്പോൾ ഇയാളുടെ കൈയിൽ മുറിവുണ്ടായിരുന്നു എന്നാണ് സാക്ഷി മൊഴി.

അമ്പലമുക്ക് –കുറവന്‍കോണം റോഡിലെ ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയാണ് കൊല്ലപ്പെട്ടത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍  ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു. വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്.

പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ഇവരുടെ കൈവശം 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയം.

ഫോറൻസിക് വിദഗ്ധരും ഡോഗ് സ്വക്വാഡും സ്ഥലത്ത് പരിശോധന  നടത്തി. ഞായറാഴ്ച നിയന്ത്രണമുള്ള ഇന്ന് യുവതി നഴ്സറിയിലെത്തുമെന്ന് അറിയാവുന്നവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. വാണ്ട സ്വദേശിയായ വിനീത ഒന്നരവര്‍ഷമായി ആഗ്രോ ക്ലിനിക്കെന്ന ഈ നഴ്സറിയില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഒരു വര്‍ഷം മുൻപ് മരിച്ചു. രണ്ട് മക്കളുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K