26 February, 2022 06:45:04 PM


നാല് കോടിയുടെ തിമിംഗല ഛർദ്ദിയും മയക്കുമരുന്നുമായി സിവിൽ എഞ്ചിനീയർ പിടിയിൽ



തിരുവനന്തപുരം: നാല് കോടിയുടെ തിമിംഗല ചർദ്ദിയും മയക്കുമരുന്നുമായി സിവിൽ എഞ്ചിനീയർ പിടിയിൽ. കഴക്കൂട്ടം സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്ത് നിന്നുമാണ് എക്സൈസ് സംഘം പിടികൂടിയത്. മയക്കുമരുന്നും തിമിംഗല ചർദ്ദിയും എങ്ങനെ ലഭിച്ചുവെന്നതിൽ അന്വേഷണം തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാമനപുരത്തെ എക്സൈസ് സംഘം ഇന്ന് രാവിലെ 10 മണിക്കാണ് 28 കാരനായ ഗരീബ് നവാസിനെ പിടികൂടിയത്.

യാത്രാമധ്യേ വെമ്പായത്ത് വച്ച് എക്സൈസ് സംഘം പിടികൂടുമ്പോൾ കാറിൽ ഉണ്ടായിരുന്നത് തിമിംഗല ചർദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു. നാല് കോടി മൂല്യമുള്ള നാല് കിലോ തിമിംഗല ചർദ്ദിയും ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്. തുമ്പ കടപ്പുറത്ത് നിന്ന് കോടികളുടെ തിമിംഗല ചർദ്ദി ലഭിച്ചുവെന്ന ഗരീബിന്‍റെ മൊഴി എക്സൈസ് സംഘം തള്ളി. മയക്കുമരുന്ന് അടക്കം കൈവശം വച്ചതോടെ വൻ സംഘങ്ങളുമായുള്ള ഗരീബിന്‍റെ ബന്ധമാണ് എക്സൈസ് അന്വേഷിക്കുന്നത്.

ഗരീബിനെ പിടികൂടുന്നതിന് മുമ്പ് കാട്ടായിക്കോണത്തെ എസ് എഫ് ഐ നേതാവ് അർജുനെയും നന്ദുവിനെയും എക്സൈസ് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. ഗരീബിന്‍റെ മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചർദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പിന് കൈമാറും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K