19 April, 2022 02:00:08 PM


തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാലു പേരുടെ കേൾവിക്ക് തകരാർ



തിരുവനന്തപുരം: ഇടിമിന്നലിൽ ഒരു വീട്ടിലെ കുട്ടി ഉൾപ്പെടെ 4 പേർക്കു കേൾവിക്കു തകരാർ. കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ടാണ് സംഭവം.  മലപ്പനംകോട് തേരിവിള വീട്ടിൽ സാംബശിവൻ, മകൻ സുരേഷ്, മരുമകൾ സദാംബിക, ചെറുമകൻ അനീഷ്(9) എന്നിവർക്കാണ് കേൾവിത്തകരാറുണ്ടായത്.

അഭിനവിന്‍റെ ചെവിക്കു പൊള്ളലേറ്റു. ഇടിമിന്നലിനു ശേഷം വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും കേൾവി നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും വീട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 8.30നാണ് ഇടിമിന്നൽ ഉണ്ടായത്. വലിയൊരു തീഗോളം വീട്ടിൽ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

വീടിന്‍റെ ജനാലച്ചില്ലുകൾ പൊട്ടി, ചുവരുകളിൽ പലേടത്തും വിള്ളലുമുണ്ട്. വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയിൽ കാഴ്ച മറയുകയും ഒന്നും കേൾകാൻ പറ്റാത്ത അവസ്ഥയിലുമായി എന്നാണ് കുടുംബം പറയുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവീട്ടുകാരാണ് പിന്നീട് ഇവർക്ക് തുണയായത്. തുടർന്ന് ജനപ്രതിനിധികളെത്തി എല്ലാവരെയും വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കേൾവിക്കു തകരാർ ഉള്ളതായി കണ്ടെത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K